മലയാളികളെക്കുറിച്ചുള്ള കുന്നായ്മകളും അപവാദങ്ങളും അവിഹിത വാര്‍ത്തകളും പത്രവാര്‍ത്തകളില്‍ മുന്‍ പേജില്‍ ഇടം പിടിക്കുന്ന ഇക്കാലത്ത് സത്യസന്ധതയുടെ മലയാളി മുഖമായി മാറിയ ലീല പൌലോസ് വാര്‍ത്തകളില്‍ നിറയുന്നു. തന്റെ ബാങ്ക് അക്കൌണ്ടിലേക്ക് പഴയ തൊഴിലുടമ അബദ്ധത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്ത 18000 പൌണ്ട് തിരികെ നല്കി മാതൃക കാണിച്ചിരിക്കുകയാണ് ലിവര്‍പൂളിനടുത്ത് ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന സ്റ്റാഫ് നഴ്സായ ലീല.
മാര്ച് മാസത്തിലെ ശമ്പളമായ 2002 പൌണ്ടിന് പകരം തൊഴിലുടമയുടെ അക്കൌണ്ട്സ് വിഭാഗം ലീലയുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്സ്ഫെര് ചെയതത് 20002 പൌണ്ട് ആണ്.ഇടയ്ക്ക് ഒരു പൂജ്യം കൂടിയപ്പോള്‍ ലീലയ്ക്കു അധികമായി ലഭിച്ചത് 18000 പൌണ്ട്. ഏപ്രില്‍ ഒന്നാം തീയതി, തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ലീല ഞെട്ടിപ്പോയി.തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ ആണ് തൊഴിലുടമയ്ക്ക് പറ്റിയ പിഴവ് മനസിലായത്.
ഉടന്‍ തന്നെ ലീല തന്റെ അക്കൗണ്ടില്‍ പണം വന്ന വിവരം നഴ്സിംഗ് ഹോമിലെ കെയര്‍ മാനേജര്‍ ജൂണ്‍ അസ്വാനിയെ ഫോണിലൂടെ വിളിച്ചറിയിക്കുകയും തന്റെ അക്കൗണ്ടില്‍നിന്നും പണം ഉടന്‍ തന്നെ നഴ്സിംഗ് ഹോമിന്റെ അക്കൗണ്ടിലേയ്ക്ക് തിരികെ ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ലീല ഫോണ്‍ വിളിച്ച് അറിയിക്കുന്നതുവരെ അധികതുക ട്രാന്‍സ്ഫര്‍ ചെയ്ത് നല്കിയ വിവരം നഴ്സിംഗ് ഹോമിലെ അക്കൗണ്ട് സെക്ഷന്‍ അറിയില്ലായിരുന്നു. അധിക തുക നല്കിയ നഴ്സിങ് ഹോമില്‍ നിന്നും ജോലി രാജി വച്ച് മറ്റൊരു നഴ്സിങ് ഹോമിലേയ്ക്ക് ചേര്‍ന്നപ്പോഴാണ് ഈ തുക ലീലയുടെ അക്കൗണ്ടിലേയ്ക്ക് ലഭിച്ചതെന്നാണ് മറ്റൊരു കാര്യം
എട്ടുവര്‍ഷമായി രജിസ്റ്റേര്‍ഡ് നഴ്സായി ജോലി ചെയ്ത് വന്ന സേഫ് ഹാര്‍ബര്‍ നഴ്സിംഗ് ഹോമിന്, അധികമായി ലഭിച്ച 18,000 പൗണ്ട് തിരികെ നല്‍കുക വഴി ലീല പൗലോസ് തന്റെ ആത്മാര്‍ഥതയും സത്യസന്ധതയും തെളിയിച്ചു. സേഫ് ഹാര്‍ബര്‍ നഴ്സിംഗ് ഹോം നടത്തുന്നത് ബീഹാറുകാരനായ ഡോ. കുമാര്‍ ആണ്. വിവരമറിഞ്ഞ് മാനേജ്മെന്റ് ലീലയെ അനുമോദിക്കുകയും പ്രത്യേക സ്വീകരണം നല്‍കുകയും ചെയ്തു.2003 നവംബറിലാണ് ജോര്‍ജ് പൗലോസും ഭാര്യ ലീലാ പൗലോസും യു.കെ യില്‍ എത്തിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എന്‍ജിനീയറിംഗിന് പഠിക്കുന്ന അമല്‍ ജോര്‍ജും എ ലെവലിന് സെന്റ്. ജോണ്‍സ് പ്ലെസ്സിംഗ്ടണില് പഠിക്കുന്ന അരുണ്‍ ജോര്‍ജും മക്കളാണ്.
വിവരമറിഞ്ഞ് ലീലയെ ലിമ പ്രസിഡന്റ് ലിജോ തോമസ്, സെക്രട്ടറി സെബാസ്റ്റിയന് ജോസഫ്, ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ജോസ് മാത്യു എന്നിവര്‍ നേരിട്ടുചെന്നുകണ്ട് അഭിനന്ദിച്ചു. യുക്മ ജോ. സെക്രട്ടറി മാത്യു അലക്സാണ്ടര്‍, ലീലയേയും കുടുംബത്തേയും വീട്ടിലെത്തി പ്രത്യേകം അഭിനന്ദിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല