സ്വന്തം ലേഖകൻ: നിയമസഹായത്തിന് അഭിഭാഷകനെ വെക്കാൻ കഴിയാത്തവരെ സഹായിക്കാൻ അബുദബിയിൽ പുതിയ കേന്ദ്രം തുറന്നു. പൊതുജനങ്ങളിൽ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മസൂലിയ എന്ന പേരിലാണ് നിയമബോധവത്കരണ കേന്ദ്രം തുറന്നത്. അഭിഭാഷകനെ ഏർപ്പാടാക്കി നിയമപോരാട്ടം നടത്താൻ പണമില്ലാത്തവർക്ക് ഈ കേന്ദ്രത്തെ സമീപിക്കാമെന്ന് അധികൃതർ പറഞ്ഞു.
നിയമം അറിയുകയും പാലിക്കുകയും ചെയ്യുന്ന സംസ്കാരം വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. സോഷ്യൽ മീഡിയയിലൂടെ സംശയ നിവാരണത്തിന് അവസരം നൽകുന്നതിന് പുറമേ, സൈബർ നിയമം ഉൾപ്പെടെയുള്ളവയുടെ വിവിധ വശങ്ങൾ മനസ്സിലാക്കാൻ കേന്ദ്രത്തിെൻറ സഹായം തേടാം. തൊഴിൽതർക്കങ്ങളിലും മറ്റും നീതി നിഷേധിക്കപ്പെടുന്ന തൊഴിലാളികൾക്കും സഹായം നൽകും. തൊഴിലാളികൾക്ക് അഭിഭാഷകനെ വെക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേന്ദ്രം അഭിഭാഷകരുടെ സേവനവും ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു.
അറബ് മേഖലയിൽ ആദ്യമായാണ് ഇത്തരം നിയമബോധവത്കരണ കേന്ദ്രമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനം തടയാനാണ് ബോധവത്കരണം ലക്ഷ്യമിടുന്നത്. മാതാപിതാക്കൾക്കും യുവാക്കൾക്കുമായി ബോധവത്കരണ പരിപാടികളും പ്രവർത്തനങ്ങളും യോഗങ്ങളും ഉണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല