അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തെ ആദ്യ ഹൈബ്രിഡ് നാച്വറല്‍ പവര്‍ ബാക്കപ്പോടു കൂടിയ അപ്പാര്‍ട്ട്‌മെന്റ്് പദ്ധതിയുമായി ദുബായ് ആസ്ഥാനമായ ലെജന്‍ഡ് ഗ്രൂപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് എല്ലാ ആശങ്കകകളും ദൂരികരീച്ച് ഹൈബ്രിഡ് നാച്വറല്‍ പവര്‍ വിജയകരമായി പരീക്ഷിച്ച് സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോജി മാത്യൂ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചിയില്‍ തൃപ്പൂണിത്തുറയിലാണ് 75 അപ്പാര്‍ട്ട്‌മെന്റുകളുടെ ആദ്യ പദ്ധതി നടപ്പാക്കുന്നത്. ആദ്യ വര്‍ഷം തന്നെ രാജ്യത്ത് 500 കോടിയോളം രൂപയുടെ നിക്ഷേപം നടത്താനും 2017ഓടെ കേരളത്തില്‍ ഒരു കോടി അധികം ച. അടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും ഗ്രൂപ്പിന്റെ ഇന്ത്യയിലെ കമ്പനിയായ അറേബ്യന്‍ ലെജന്‍ഡ് റിയാല്‍റ്റേഴ്‌സ് ലക്ഷ്യമിടുന്നതായി ലെജന്‍ഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോജി മാത്യു ചക്കുപ്പുരയ്ക്കല്‍, മാര്‍ക്കറ്റിംഗ് ഹെഡ് നിഷാന്ത് മണ്ടോടി എന്നിവര്‍ അറിയിച്ചു. പരിസ്ഥിതി സൗഹാര്‍ദപരവും സ്ഥായിയുമായ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരിക്കും കൊച്ചി തൃപ്പൂണിത്തുറയില്‍ നടപ്പാക്കുന്ന ആദ്യ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയായ ലെജന്‍ഡ് ‘ജോസ്വാന’. ഹൈബ്രിഡ് നാച്വറല്‍ പവര്‍ ബാക്കപ്പ് സൗകര്യമാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. വിന്റ് എനര്‍ജി (കാറ്റാടി) ഉള്‍പെടെയുള്ള ആധുനികതയും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ തൃപ്പൂണിത്തുറയുടെ പ്രകൃതി ഭംഗിയും, റെയില്‍വേ സ്‌റ്റേഷന്‍, നാഷനല്‍ ഹൈവേ, കലാലയങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാണെങ്കിലും സാധാരണക്കാരനും പ്രാപ്തമാകുന്ന വെറും 49 ലക്ഷം രൂപ മുതലാണ് പദ്ധതിയുടെ വില ആരംഭിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടി 15 നിലയില്‍ നിര്‍മിക്കുന്ന ഈ പദ്ധതി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടത്തില്‍ ആഡംബര വില്ലകളും ഫല്‍റ്റ് സമുച്ചയങ്ങളും നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന ലെജന്‍ഡ് ഗ്രൂപ്പിന്റെ 394ാമത്തെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയാണ് ലെജന്‍ഡ് ജോസ്വാന. റിയല്‍ എസ്‌റ്റേറ്റിന് പുറമെ അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണം, എച്ച് ആര്‍, റിക്രൂട്ട്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ജനറല്‍ ട്രേഡിംഗ്, ഇലക്ട്രോണിക്‌സ്, ഓട്ടോമേഷന്‍, സൗരോര്‍ജം തുടങ്ങിയ മേഖലകളിലും സജീവ സാന്നിധ്യമായ ലെജന്‍ഡ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മിഡില്‍ ഈസ്റ്റ്, ഏഷ്യാ പസഫിക്ക്, അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. 17 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ഗ്രൂപ്പ് 393 റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളിലായി 7 കോടി ച. അടി വിസ്തൃതിയില്‍ നിര്‍മാണം നടത്തിയിട്ടുണ്ട്.
കേരളത്തില്‍ സമീപ ഭാവിയില്‍ തന്നെ 60 മുതല്‍ 70 അപ്പാര്‍ട്‌മെന്റ് പദ്ധതികള്‍ നടപ്പാക്കാന്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. കൊച്ചിയില്‍ ഉയരുന്ന ലെജന്‍ഡ് ജോസ്വാന ഇതിന്റെ തുടക്കമാണ്. സിസിടിവി, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ജനറേറ്റര്‍, സോളാര്‍ ബേക്കപ്പ്, റൂഫ് ടോപ് സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, ജിം, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, ക്ലബ് ഹൗസ്, യോഗയ്ക്കും ധ്യാനത്തിനുമുള്ള സ്ഥലം, ജോഗ്ഗിംഗ് ട്രാക്ക്, ക്രിക്കറ്റ് പിച്ച് തുടങ്ങിയ സൗകര്യങ്ങളും ലെജന്‍ഡ് ജോസ്വാനയില്‍ ലഭ്യമാകും.
രണ്ട് വര്‍ഷക്കാലം കേരളത്തിലെ വിവിധ മേഖലകളിലായി 200ല്‍ പരം പ്രദേശങ്ങളില്‍ നടത്തിയ റിസര്‍ച്ചുകളുടെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറയിലെ ഒരേക്കര്‍ സ്ഥലം പദ്ധതിക്കായി തിരഞ്ഞെടുത്തത്. പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ സാധ്യതകളും പ്രധാനം ചെയ്യുന്ന പദ്ധതി പ്രദേശത്ത് ഏഴര അടി താഴ്ച്ചക്കപ്പുറം ശക്തമായ പാറയായതിനാലുള്ള സുസ്ഥിരതയും ഭൂമിയിലെ ശുദ്ധ ജലത്തിന്റെ ലഭ്യതയുമാണ് മറ്റൊരു പ്രത്യേകത.
കൊറിയ, ചൈന, തായ്‌വാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിര്‍മാണകേന്ദ്രങ്ങളുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുഖി കോര്‍പ്പറേഷനെ ലെജന്‍ഡ് ഗ്രൂപ്പ് ഈയിടെ ഏറ്റെടുത്തിരുന്നു. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഈ കമ്പനി ഏറ്റെടുത്തതിലൂടെ റിയല്‍ എസ്‌റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ഗ്രൂപ്പിന് സാങ്കേതികമായി ഏറെ പ്രയോജനമുണ്ടായിട്ടുണ്ട്. ഇങ്ങനെ ലഭ്യമായ ആനുകൂല്യങ്ങള്‍ വിവിധ നിര്‍മാണ പദ്ധതികളുടെ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
നഗരവല്‍കരണം അതിവേഗം നടക്കുന്ന കേരളത്തില്‍, ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുകയും അതിലൂടെ നിലവാരമുള്ള പാര്‍പ്പിട ആവശ്യങ്ങള്‍ വര്‍ധിച്ചു വരികയുമാണെന്ന് ജോജി മാത്യു പറഞ്ഞു. ആഗോള സാഹചര്യങ്ങളെക്കുറിച്ചുള്ള കേരളത്തിലെ ജനങ്ങളുടെ അറിവും വര്‍ധിച്ചു വരുന്ന പരിസ്ഥിതി അവബോധവും പരമ്പരാഗതമായി കേരളീയര്‍ പുലര്‍ത്തുന്ന താരതമ്യേന ഉയര്‍ന്ന സാമൂഹ്യ പ്രതിബദ്ധതയും മൂലം ഉയര്‍ന്ന നിലവാരമുള്ളതും സ്ഥായിയും സ്ഥിരതയുമുള്ളതുമായ സംരംഭങ്ങള്‍ക്ക് വളര്‍ച്ചാസാധ്യതകള്‍ ഏറെയാണ്.
സാമ്പത്തികാടിത്തറ ഭദ്രമായതിനാലും വിവിധ നിര്‍മാണാനുമതി ലഭ്യമായതിനാലും നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ജോസ്വാന വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 1400 പേര്‍ ഗ്രൂപ്പിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്. ഭാവിയിലെ പദ്ധതികള്‍ക്കായി കൂടുതല്‍ ആളുകളെ നിയമിക്കാനും ആലോചനയുണ്ട്. ‘ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉണ്ടാകാവുന്ന ആവശ്യകതയ്ക്കപ്പുറം ഇന്ത്യയില്‍ ലഭ്യമാകുന്ന തൊഴില്‍ പ്രാഗല്‍ഭ്യവും ഇവിടെ നിക്ഷേപം നടത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്,’ ജോജി മാത്യു കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ജോബി മാത്യൂവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല