സ്വന്തം ലേഖകന്‍: ലെസ്റ്റര്‍ സിറ്റി ഉടമയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ലെസ്റ്റര്‍ സിറ്റി ഉടമ വിച്ചെ ശ്രിവദാനപ്രഭ കഴിഞ്ഞ ഞായറാഴ്ച ലെസ്റ്ററിന്റെ മൈതാനത്തു വച്ച് വെസ്റ്റ് ഹാമുമായി നടന്ന മത്സരത്തിനു ശേഷം മടങ്ങുമ്പോഴാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണ് കൊല്ലപ്പെട്ടത്. മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം മൈതാനമധ്യത്തു നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടര്‍ നിയന്ത്രണം വിട്ട് പാര്‍ക്കിങ്ങ് ഏരിയയിലേക്കു വീഴുകയായിരുന്നു.
ഹെലികോപ്ടര്‍ പറന്നുയരുമ്പോള്‍ മൈതാനത്തുണ്ടായിരുന്ന ഒരു സ്റ്റേഡിയം ജീവനക്കാരന്‍ എടുത്ത വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മൈതാനത്തു നിന്നും പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടപ്പെട്ടു വായുവില്‍ കറങ്ങിയ ഹെലികോപ്ടര്‍ അതിനു ശേഷം നേരെ താഴേക്കു പതിക്കുകയായിരുന്നു. മത്സരം കഴിഞ്ഞു മടങ്ങുന്ന നൂറു കണക്കിന് ആരാധകര്‍ക്കു മേല്‍ പതിക്കേണ്ടിയിരുന്ന ഹെലികോപ്ടര്‍ പൈലറ്റിന്റെ മനസാന്നിധ്യം ഒന്നു കൊണ്ടു മാത്രമാണ് ആളൊഴിഞ്ഞ പാര്‍ക്കിങ്ങ് ഏരിയയിലേക്കു വീഴ്ത്തിയത്.
അപകടത്തില്‍ വിച്ചെക്കു പുറമേ രണ്ടു പൈലറ്റുമാരും രണ്ടു ജീവനക്കാരും മരണമടഞ്ഞു. ടീം രണ്ടാം ഡിവിഷനില്‍ കിടന്നിരുന്ന ഒന്നാം ഡിവിഷനിലെത്തിയതും പ്രീമിയര്‍ ലീഗ് ജേതാക്കളായതും വിച്ചെയുടെ സാരഥ്യത്തിന്‍ കീഴിലായിരുന്നു. പിതാവിനെ നഷ്ടമായെങ്കിലും ലൈസ്റ്റര്‍ സിറ്റിയെ ഉയരങ്ങളിലെത്തിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് അദ്ദേഹത്തിന്റെ മകന്‍ ഐയാവട്ട് ശ്രിവദാനപ്രഭ പറഞ്ഞു. ലൈസ്റ്റര്‍ സിറ്റിയുടെ മൈതാനത്ത് വച്ചു നടന്ന ചടങ്ങുകള്‍ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈസ്റ്ററിനെ കൂടാതെ വിച്ചെയുടെ കമ്പനിക്ക് ബെല്‍ജിയന്‍ ലീഗിലും ഒരു ക്ലബ് സ്വന്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല