സ്വന്തം ലേഖകന്‍: ഇന്നലെ നേപ്പാളിനെ പിടിച്ചു കുലുക്കുകയും 1,500 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഭൂകമ്പത്തെ മുതലെടുത്ത് കണ്ണടകള്‍ വില്‍ക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ലെന്‍സ്കാര്‍ട്ട് പരസ്യം പുറത്തിറക്കിയത് വിവാദമാകുന്നു.
ഭൂകമ്പം ആഘോഷിക്കാനായി വെറും അഞ്ഞൂറ് രൂപക്ക് സണ്‍ഗ്ലാസ് നല്‍കാമെന്ന് അര്‍ഥം വരുന്ന പരസ്യമാണ് കമ്പനി പുറത്തിറക്കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.45 ന് നേപ്പാളില്‍ വന്‍ ഭൂകമ്പം ഉണ്ടായതിന് തൊട്ടുപുറകെയായിരുന്നു ലെന്‍സ്കാര്‍ട്ട് പരസ്യവുമായി രംഗത്തെത്തിയത്.
ഭൂകമ്പ വാര്‍ത്ത ആഘോഷിക്കുന്നതു പോലെ ‘ഷേക്ക് ഇറ്റ് ഓഫ് ലൈക്ക് ദിസ് എര്‍ത്ത്ക്വേക്ക്’ എന്നാണ് പരസ്യ വാചകം. അമ്പത് സുഹൃത്തുക്കള്‍ക്ക് പ്രൊമോഷണല്‍ എസ്എംഎസ് അയച്ചാല്‍ മൂവായിരം രൂപയുടെ വിന്‍സന്റ് ചെയ്സ് സണ്‍ഗ്ലാസുകള്‍ അഞ്ഞൂറ് രൂപക്ക് സ്വന്തമാക്കാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
ഉച്ചയ്ക്ക് 1.25 നു സന്ദേശം പുറത്തു വന്നതോടെ നിരവധി പേര് കമ്പനിയുടെ ലാഭക്കൊതിയേയും ഔചിത്യമില്ലാത്ത പെരുമാറ്റത്തേയും കുറ്റപ്പെടുത്തി രംഗത്തെത്തി. ഭൂകമ്പത്തെ തുടര്‍ന്ന് മരണ സംഖ്യ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ലെന്‍സ്കാര്‍ട്ട് അത് മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് വളരെ മോശമാണെന്നായിരുന്നു പൊതുവായ അഭിപ്രായം.
പരസ്യം വിവാദമായതോടെ തങ്ങള്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയെന്നും ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി ലെന്‍സ്കാര്‍ട്ട് ഖേദം പ്രകടിപ്പിച്ചു. ഖേദപ്രകടനം കമ്പനിയുടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല