സ്വന്തം ലേഖകന്‍: സ്വവര്‍ഗാനുരാഗിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ളതില്‍ 60 ശതമാനം വോട്ടു നേടിയാണ് നിലവില്‍ സാമൂഹിക സുരക്ഷ മന്ത്രിയും ഫൈന്‍ ഗീല് പാര്‍ട്ടി നേതാവുമായ 38 കാരന് വരദ്ക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അയര്‍ലാന്റിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞയാളും സ്വവര്‍ഗാനുരാഗിയുമായ ആദ്യ പ്രധാനമന്ത്രിയാണ് വരദ്ക്കര്‍.
ഈ മാസം തന്നെ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഭവനമന്ത്രി സിമോണ്‍ കവനെക്ക് 40 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സര്‍വേകളും വരദ്ക്കറിനു തന്നെയാണ് വിജയ സാധ്യത പ്രവചിച്ചിരുന്നത്.
ഡബ്ലിനില്‍ ജനിച്ച വരദ്ക്കറുടെ അച്ഛന് മുംബൈ സ്വദേശി ഡോ.അശോക് വരദ്ക്കറാണ്. അമ്മ ഐറിഷ് സ്വദേശി മിറിയമാണ്. ഡോക്ടറായ വരദ്ക്കര്‍ 2015 ലാണ് സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയത്. വരദ്ക്കറിന്റെ ജീവിതപങ്കാളി മാത്യു ബാരറ്റും ഡോക്ടറാണ്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ രാജ്യമാണ് അയര്‍ലാന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല