സ്വന്തം ലേഖകന്‍: വാഷിംഗ്ടണിലെ പള്ളിയില്‍ ലെസ്ബിയന്‍ പാസ്റ്റര്‍മാരുടെ നിയമനം, പള്ളി സാത്താന്റെ ഭവനമാക്കിയെന്ന ആരോപണവുമായി വിശ്വാസികള്‍. വാഷിംഗ്ടണ്‍ കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ലസ്ബിയന്‍ ദമ്പതിമാരായ പാസ്റ്റര്‍മാരെ നിയമിച്ചതിനെതിരെ വിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ലസ്ബിയന്‍ ദമ്പതിമാര്‍ പാസ്റ്റര്‍മാരായ ദേവാലയം സാത്താന്റെ ഭവനമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഈ മാസം ആദ്യമാണ് ലസ്ബിയന്‍ ദമ്പതിമാരായ സാലി സാറാട്ട്, മറിയ സ്വയറിംഗ് ന്‍ എന്നിവരെ കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍മാരായി നിയമിച്ചത്. 2014 നവംബറില്‍ സൗത്ത് കരോളിനായില്‍ സ്വവര്‍ഗവിവാഹം നിയമ വിധേയമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് 2015 നവംബര്‍ 15ന് ഗ്രീന്‍വില്ല ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഇവര്‍ക്ക് പാസ്റ്റര്‍ പട്ടവും ലഭിച്ചു.
സീനിയര്‍ പട്ടക്കാരായി നിയമിതരായതിനുശേഷം കഴിഞ്ഞ ആഴ്ച നടന്ന സര്‍വീസിനിടയിലേക്ക് സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി തള്ളികയറുകയായിരുന്നു. ലസ്ബിയന്‍ ദമ്പതിമാര്‍ പാസ്റ്റര്‍മാരായ ഈ ദേവാലയം ഇപ്പോള്‍ സാത്താന്റെ ഭവനമായി മാറിയിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആക്രോശിച്ചു.
പള്ളിയുടെ തീരുമാനത്തില്‍ പ്രതിഷേധം ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന നിരവധി സഭാംഗങ്ങള്‍ ഇവരുടെ പ്രതിഷേധ പ്രകടനത്തോടെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചതോടെ പ്രശ്‌നം വഷളാകുകയും ചെയ്തു. 155 വര്‍ഷം പഴക്കമുള്ള കാല്‍വറി ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഇതിനുമുമ്പും വിവാദമുയര്‍ത്തിയ നിരവധി തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല