സ്വന്തം ലേഖകന്‍: ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, മൂവായിരത്തോളം അഭയാര്‍ഥികളുടെ കൂടാരങ്ങള്‍ ചാമ്പലായി. തലനാരിഴക്ക് വന്‍ അപകടം ഒഴിവായെങ്കിലും തീപിടിത്തത്തില്‍ ടെന്റുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ഇതോടെ ഇവിടെ കഴിയുകയായിരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ ദുരിതത്തിലായി.
തീപിടിത്തതില്‍ ആര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ല. ക്യാമ്പിലെ വ്യത്യസ്ത രാജ്യക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് തീപടര്‍ന്നതെന്ന് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്‌നിശമന സേനയുടെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ക്യാമ്പിനകത്തുള്ളവര്‍ മനഃപൂര്‍വം തീയിട്ടതാവാനാന് സാധ്യതയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ക്യാമ്പിലെ കുട്ടികളെ തീപിടിത്തത്തിനുശേഷം പ്രത്യേക സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
ഗ്രീസില്‍ അറുപതിനായിരത്തില്‍ അധികം അഭയാര്‍ഥികള്‍ കഴിയുന്നതായാണ് കണക്ക്. ജര്‍മനിയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കാന്‍ അനുമതി കാത്ത് കഴിയുന്നവരാണിവര്‍. എന്നാല്‍, പല കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചതോടെ ഇവര്‍ ഗ്രീസില്‍ കുടുങ്ങിയിരിക്കയാണ്.
ആളുകളെ കുത്തിനിറച്ചതിനാലും വൃത്തിയില്ലാത്തതിനാലും ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പുകള്‍ നേരത്തേ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. ദ്വീപില്‍ കഴിയുന്നവരെ കരയിലേക്ക് പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും കുടിയേറ്റക്കാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ക്യാമ്പില്‍ പതിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല