സ്വന്തം ലേഖകൻ: ആമസോൺ കാടുകളുടെ ഭീകരത അവൾക്കറിയാമായിരുന്നു… ഹോളിവുഡ് സിനിമകൾ സൃഷ്ടിച്ചെടുത്ത ഭീകര കഥാപാത്രങ്ങളും കൊടുങ്കാട്ടിലെ അതിജീവന കഥയും മനസിലൊരായിരം വട്ടം മിന്നിമറിഞ്ഞിട്ടുണ്ടാകും. എന്നിട്ടും അവൾ അവരെ ചേർത്തുപിടിച്ച് സംരക്ഷിച്ചത് ആറാഴ്ചയോളമാണ്. ലെസ്ലി എന്ന 13 വയസുകാരിയാണ് ആ കൊടുങ്കാട്ടിലെ ഹീറോ.
കൊളംബിയയുടെ തെക്കുകിഴക്കൻ ഭാഗത്തെ ആമസോൺ മഴക്കാടുകളിൽ വിമാനം തകർന്ന് കാണാതായ നാല് പേരിൽ മൂത്തവളാണ് ലെസ്ലി. 40 ദിവസത്തിന് ശേഷം കൊളംബിയൻ സൈന്യം അവരെ കാട്ടിൽ നിന്ന് കണ്ടെത്തുമ്പോൾ ഈ കുട്ടികളെല്ലാം ജീവനോടെ ഇരിക്കുന്നതും ലെസ്ലിയുടെ കരുതലാണ്.
വിമാന യാത്രയിൽ കൂടെയുണ്ടായിരുന്ന അമ്മ മഗ്ദലീന മുകുതുയും പൈലറ്റും അപകടത്തിൽ മരിച്ചിരുന്നു. അവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നെങ്കിലും മക്കളെ കണ്ടെത്താനായിരുന്നില്ല. എന്നാൽ ലെസ്ലിയടങ്ങുന്ന നാല് പേർ ആ കാടിന്റെ വിജനതയിൽ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലായിരുന്നു.
ഹെയൽ റിബൺ ഉപയോഗിച്ച് അവൾ ക്യാമ്പുകൾ നിർമിച്ചു. കാട്ടിലെ പഴങ്ങൾ ഭക്ഷണമാക്കി. കൂടെ കരുതിയിരുന്ന മാവും കസവ റൊട്ടിയും കുഞ്ഞനുജത്തിമാർക്ക് നൽകി അമ്മ തണലേകി. 11 മാസം മാത്രം പ്രായമായ ക്രിസ്റ്റിനെ കൂടാതെ ഒമ്പത് വയസുകാരി സോളിനിയും നാല് വയസുള്ള നോറിയലുമായിരുന്നു ലെസ്ലിയുടെ തണലിൽ അതിജീവിച്ചത്.
അവർ പതിവായി കാണാറുള്ള അതിജീവന ഗെയിം ആയിരിക്കും അവരെ ഈ അഗ്നിപരീക്ഷ പാസാക്കിയതെന്ന് കുട്ടികളുടെ അമ്മായി പറയുന്നു. ലെസ്ലിയും സോളിനിയും പതിവായി ഗെയിം കളിക്കുന്നവരാണ്. അവർക്ക് രക്ഷനേടാനുള്ള മാർഗങ്ങൾ അതിലൂടെ സ്വാധീനിച്ചിരിക്കാം. കാട്ടിൽ വിഷപഴങ്ങൾ ഏറെയുണ്ടെങ്കിലും കഴിക്കാൻ പാടില്ലാത്തത് ഏതെന്ന് മൂത്തവളായ ലെസ്ലിക്ക് അറിയാമായിരുന്നെന്നും അമ്മായി പറയുന്നു.
കുട്ടികളുടെ പതിവായി ഉണ്ടാകാറുള്ള മുത്തശ്ശി ഫാത്തിമ വലൻസിയ പറയുന്നതിനങ്ങനെ, “അമ്മ ജോലിക്ക് പോകുമ്പോൾ മക്കളെയെല്ലാം നോക്കുന്നത് മൂത്തമകളായിരുന്നു. അത് കൊണ്ട് മക്കളെ എങ്ങനെ നോക്കണമെന്ന് അവൾക്കറിയാം. അവൾ അവർക്ക് മാവും കസവ റൊട്ടിയും കൊടുത്തു, കാട്ടിലെ പഴങ്ങളിൽ എന്താണ് കഴിക്കേണ്ടതെന്ന് അവർക്കറിയാം.”
അതേ സമയം, രക്ഷപ്പെട്ട നാലുപേരും കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനിലയിൽ പൂർണ തൃപ്തരാണെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രേ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല