കുര്യൻ ജോർജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ): യുക്മാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബർമിങ്ങ്ഹാമിൽ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ചൊവ്വാഴ്ച നടന്നു.
ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ടുള്ള യുക്മ ലൈവ് ഷോയിൽ വ്യാഴാഴ്ച എത്തുന്നത് പൂളിൽ നിന്നുള്ള സഹോദരങ്ങൾ ജെയ്സ് ഇമ്മാനുവലും ഗ്രെയ്സ് ഇമ്മാനുവലുമാണ്.
“LET’S BREAK IT TOGETHER” രണ്ടാം ദിവസമായിരുന്ന ഇന്നലെ ബർമിങ്ഹാമിലെ ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ആയിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനോടകം വീക്ഷിച്ചത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ തന്റെ വെസ്റ്റേൺ ഫ്ളൂട്ടിലൂടെ ആലപിച്ച ആര്യ ദാസ് തന്റെ അനുപമ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇടവേളയിൽ ആര്യ ദാസ് ആലപിച്ച, ഡോ. സജി പേരാമ്പ്രയുടെ “ആര് ഞാനാകണം” എന്ന കവിത ഏറെ അർത്ഥവത്തായതും മനോഹരവുമായിരുന്നു.
സംഗീതം, നൃത്തം, ചിത്രരചന തുടങ്ങി വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആര്യ ദാസ് തന്റെ അവതരണ ശൈലി കൊണ്ടും ഏറെ ശ്രദ്ധ പിടിച്ച് പറ്റി എന്നുള്ളതിന്റെ തെളിവായിരുന്നു നൂറ് കണക്കിന് പ്രേക്ഷകർ എഴുതിയ അഭിനന്ദന കുറിപ്പുകൾ. സംഗീത പ്രേമികൾക്ക് ഓർമ്മ ചെപ്പിൽ സൂക്ഷിക്കാനുള്ള നിമിഷങ്ങളായിരുന്നു 50 മിനിറ്റോളം നീണ്ട് നിന്ന ആര്യ ദാസിന്റെ കലാപ്രകടനം. ഷോയുടെ അവസാനം ലൈവിൽ വന്ന ആര്യയുടെ മാതാപിതാക്കളായ ഡോ.മോഹൻദാസും ശോഭയും ഷോയിലുടനീളം നിറഞ്ഞ പിന്തുണ നൽകിയ പ്രേക്ഷകർക്കും സംഘാടകരായ യുക്മ ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. വളർന്ന് വരുന്ന ഈ കലാ പ്രതിഭയ്ക്ക് യുക്മയുടേയും യുക്മ സാംസ്കാരിക വേദിയുടേയും എല്ലാവിധ ആശംസകളും നേരുന്നു.
” LET’S BREAK IT TOGETHER” ലൈവ് ഷോയുടെ മൂന്നാം ദിനമായ നാളെ ജൂൺ 4 വ്യാഴം വൈകുന്നേരം 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ഡോർസെറ്റിലെ പൂളിൽ നിന്നുള്ള സഹോദരങ്ങളായ ജെയ്സ് ഇമ്മാനുവലും ഗ്രെയ്സ് ഇമ്മാനുവലും തങ്ങളുടെ
പ്രതിഭ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുവാൻ എത്തുകയാണ്. പൂൾ ഗ്രാമർ സ്കൂൾ YEAR 9 വിദ്യാർത്ഥിയായ ജെയ്സ് ഇലക്ടിക് ഗിറ്റാർ, വയലിൻ, പിയാനോ എന്നീ സംഗീതോപകരണങ്ങളിൽ നിരവധി വേദികളിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. സംഗീതത്തോടൊപ്പം നീന്തൽ, ബാസ്കറ്റ് ബോൾ എന്നിവയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഒരു മികച്ച താരമാണ് ഈ 14 വയസ്സുകാരൻ.
ജെയ്സിന്റെ സഹോദരി 10 വയസ്സുകാരി ഗ്രെയ്സ് ഫ്ളൂട്ട്, റെക്കോർഡർ എന്നീ സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ഒരു കൊച്ച് മിടുക്കിയാണ്. സംഗീതത്തോടൊപ്പം നൃത്തം, നീന്തൽ, ജിംനാസ്റ്റിക്സ് എന്നിവയിലും തല്‌പരയായ ഈ മിടുക്കി പൂൾ സെന്റ് മേരീസ് കാത്തലിക് സ്കൂൾ ഇയർ 5 വിദ്യാർത്ഥിനിയാണ്. സ്കൂൾ കൊയർ ടീമിലെ അംഗമായ ഗ്രെയ്സ് സ്കൂൾ കൊയർ ടീമിനൊപ്പം നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
യുക്മ സൌത്ത് ഈസ്റ്റ് റീജിയണിലെ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി സജീവാംഗങ്ങളായ ഇമ്മാനുവൽ പൂവത്തിങ്കൽ – സിജി ഇമ്മാനുവൽ ദമ്പതികളുടെ മക്കളായ ഈ കലാ പ്രതിഭകൾ നാളെ “LET’S BREAK IT TOGETHER” ലൈവ് ഷോയിൽ എത്തുമ്പോൾ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ആത്മാർത്ഥമായ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല