ആണ്ടിലൊരിക്കല്‍ ഒക്റ്റോബര്‍ രണ്ടിന് എഴുതിത്തയാറാക്കിയ ഒരോര്‍മ. കാപ്സ്യൂള്‍ സേവനത്തിന്‍റെ ദിനം, വാരം. പിന്നെയൊരു ലൈവ് ഫാസ്റ്റിങ് കണ്‍സെര്‍ട്ടിനു നേതൃത്വം നല്‍കുമ്പോള്‍ രണ്ടാം ഗാന്ധിയെന്നു ക്യാംപെയ്നിങ്ങിലൂടെ സ്വയം എഴുതിച്ചാര്‍ത്തുന്ന വിശേഷണങ്ങളുടെ ദീര്‍ഘനിശ്വാസങ്ങളില്‍ ഒതുങ്ങുന്ന സ്മരണ. മഹാത്മാഗാന്ധി എന്ന യാഥാര്‍ഥ്യത്തിന്‍റെ, ഓര്‍മയുടെ ഒതുക്കപ്പെടല്‍ ഇങ്ങനെയൊക്കെ തീരുന്നു മിക്കവരുടേയും മനസില്‍. ഗാന്ധിജി തെളിച്ച അഹിംസയുടേയും സമാധാനത്തിന്‍റേയും മാര്‍ഗത്തെ പിന്തുടരുന്ന, ആ മഹാത്മാവിനെ നെഞ്ചേറ്റുന്ന ഒരാളുണ്ട് ബ്രസീലില്‍, ലിയ ഡിസ്ക്കിന്‍. ബ്രസീലിലെ ഗാന്ധിയന്‍ എന്നു മാധ്യമങ്ങള്‍ പലവട്ടം വിശേഷിപ്പിച്ച ലിയ തന്‍റെ സേവനപ്രവര്‍ത്തനങ്ങള്‍ ജീവിതകാലം മുഴുവന്‍ തുടരുന്നു, വര്‍ഷാവര്‍ഷമുള്ള ഒക്റ്റോബര്‍ രണ്ടിനായി കാത്തുനില്‍ക്കാതെ.
അഹിംസയുടെ ആജീവനാന്ത പിന്തുടര്‍ച്ചക്കാരി, ഗാന്ധിയന്‍ ദര്‍ശനങ്ങളെ അണുവിട തെറ്റാതെ പാലിക്കുന്ന സ്ത്രീ… ലിയ ഡിസ്ക്കിനെ നിരവധി വിശേഷണങ്ങള്‍ക്കൊപ്പം നിര്‍ത്താം. മുപ്പതു വര്‍ഷമായി ലിയ ഗാന്ധിജയന്തി ആഘോഷിക്കുന്നു. ഒരു ദിവസമല്ല, ഒന്നും രണ്ടും ആഴ്ച കള്‍. ചിലപ്പോള്‍ ഒരു മാസം വരേയും ആചരണം. ബ്രസീലിലെ സാവോ പോളോയില്‍ പാലസ് അഥീന എന്ന ജീവകാരുണ്യ സംഘടന നടത്തുന്നുണ്ട് ലിയ. ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ ഐക്യത്തോടെയാകുമ്പോഴാണ് യഥാര്‍ഥ സന്തോഷം ഉണ്ടാകുന്നതെന്നു ലിയ നല്‍കുന്ന സന്ദേശം. ഗാന്ധിസം ലിയയുടെ ജീവിതത്തിന്‍റെ ആഘോഷവും അര്‍പ്പണവുമാണ്. ജീവിതത്തിന്‍റെ മിഷന്‍. ഗാന്ധിപ്രതിമയില്‍ മാല ചാര്‍ത്തുന്നതിലോ, കോണ്‍ഫറന്‍സ് റൂമിന്‍റെ ചതുരത്തില്‍ പ്രസംഗം നടത്തുന്നതിലോ അല്ല യഥാര്‍ഥ ഗാന്ധിസമെന്നു തിരിച്ചറിഞ്ഞിരിക്കുന്നു ലിയ. അതു തന്‍റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുന്നു.
ബ്രസീലിയന്‍ സമൂഹത്തിന്‍റെ ഭാവി ഭദ്രമാക്കാനുള്ള മാര്‍ഗം ഗാന്ധിയന്‍ ദര്‍ശനങ്ങളും അഹിംസവാദവും പിന്തുടരുക മാത്രമാണെന്നു ലിയ വിശ്വസിക്കുന്നു, വയലന്‍സും മറ്റു കുറ്റകൃത്യങ്ങള്‍ ബ്രസീലില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇത്തവണത്തെ സേവനവാരത്തിന്‍റെ ഫോക്കസ്, ചില്‍ഡ്രന്‍, യൂത്ത് ആന്‍ഡ് എജ്യുക്കേഷന്‍ എന്നതാണ്. നോണ്‍ വയലന്‍സ് സ്ഥിരമായി വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കണമെന്നു ലിയ ആവശ്യപ്പെടുന്നു. ലിയയും മറ്റു വിദ്യാഭ്യാസ സംഘടനകളും ചേര്‍ന്നു ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ അധ്യയനത്തിന്‍റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഗവണ്‍മെന്‍റ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ടീച്ചര്‍മാര്‍ക്കുമായി സ്പെഷ്യല്‍ കോഴ്സുകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
സാവോ പോളോയില്‍ മാത്രം നാല്‍പതിനായിരം ടീച്ചര്‍മാര്‍ക്കു പ്രൈസ്ലെസ് വാല്യൂസ് ആന്‍ഡ് ഗാന്ധി ആന്‍ഡ് നോണ്‍ വയലന്‍സ് എന്ന പ്രൊജക്റ്റില്‍ ട്രെയ്നിങ് നല്‍കിക്കഴിഞ്ഞു. ആരോഗ്യരംഗത്തു ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വ്യാപകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പാലസ് അഥീന നേതൃത്വം വഹിക്കുന്നുണ്ട്. അയ്യായിരത്തോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.
പോര്‍ച്ചുഗീസ് സ്ക്രിപ്റ്റിലേക്കു മഹാത്മ ഗാന്ധിയുടെ ആത്മകഥ പരിഭാഷപ്പെടുത്താനും ലിയ പങ്കു വഹിച്ചിരുന്നു. പാലസ് അഥീനയുടെ ലൈബ്രറിയില്‍ ഗാന്ധിയന്‍ സാഹിത്യത്തിന്‍റെ വിപുലമായ ശേഖരമുണ്ട്, ഒപ്പമൊരു പബ്ലിഷിങ് ഹൗസും പാലസ് അഥീന നടത്തുന്നു. യോഗ, മെഡിറ്റേഷന്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്, നൃത്തം തുടങ്ങിയവയും പാലസ് അഥീനയില്‍ പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസം, സമാധാനം, സംസ്കാരം എന്നീ വിഷയങ്ങളില്‍ ലിയയും പുസ്തകമെഴുതിയിട്ടുണ്ട്. ലിയയുടെ പുസ്തകമായ പീസ്, ഹൗ റ്റു മേക്ക് ആറു ബ്രസീലിയന്‍ സംസ്ഥാനങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്. പീസ്, ഹൗ റ്റു മേക്ക് എന്ന പുസ്തകം അഞ്ചു ലക്ഷത്തോളം കോപ്പികളാണു വിറ്റു പോയത്.
ലിയയുടെ ജന്മദേശം അര്‍ജന്‍ീനയാണ്. 1972ല്‍ ലിയയും ഭര്‍ത്താവ് ബസിലിയോ പൗലോവിക്സും ബ്രസീലിലേക്കു താമസം മാറി. പാലസ് അഥീനയുടെ പേരില്‍ ഒരു അനാഥാലയവും ഇരുവരും നടത്തുന്നുണ്ട്. അനാഥാലയത്തിന്‍റെ പേര് കാസ ഡി പാണ്ടവാസ് ( ഹൗസ് ഒഫ് പാണ്ടവാസ്). വളരെ ലളിതമായ രീതിയിലാണു ലിയയുടേയും കുടുംബത്തിന്‍റേയും ജീവിതം. ഗാന്ധിയന്‍ മാര്‍ഗങ്ങളില്‍ നിന്നൊരിക്കലും വ്യതിചലിക്കാതെ, മാംസാഹാരം കഴിക്കാതെ…. ചെറുപ്പത്തില്‍ ഗാന്ധിയുടെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ മുതല്‍ ഇത്തരത്തിലൊരു ജീവിതരീതി പിന്തുടരാന്‍ ലിയ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല