സ്വന്തം ലേഖകൻ: 2022ൽ ഫിഫ ലോകകപ്പിന് വേദിയായതിനു പിന്നാലെ, അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായി മാറിയ ഖത്തർ കൂടുതൽ പേരെ ആകർഷിക്കുന്നതിനായി വിനോദസഞ്ചാര മേഖല ഉദാരവത്കരിക്കാനുള്ള പദ്ധതികൾ സജീവമാക്കുന്നു. ഖത്തറിന്റെ ഹോസ്പിറ്റാലി മേഖലയെ സ്വതന്ത്രമാക്കാനും പ്രതിസന്ധികൾ നീക്കാനും ശ്രമിക്കുമെന്ന് ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ നൽകിയ അഭിമുഖത്തിൽ ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു. നിലവിൽ പ്രവർത്തന സമയവും ലൈസൻസിങ്ങും സംബന്ധിച്ച് നിരവധി നിയന്ത്രണങ്ങളാണ് രാജ്യത്തെ ഹോട്ടലുകൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ടൂർണമെന്റിന് ശേഷം ഖത്തറിന്റെ ടൂറിസം മേഖലയുടെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. എല്ലാ പ്രവചനങ്ങളും അസ്ഥാനത്താക്കി രാജ്യത്തേക്ക് സന്ദർശകരുടെ ഒഴുക്കിനാണ് കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചത്. 2023ൽ മാത്രം 40 ലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരാണ് ഖത്തറിലെത്തിയത്. ലോകകപ്പ് വർഷത്തേക്കാൾ സന്ദർശകരുടെ എണ്ണത്തിൽ 39 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
എ.എഫ്.സി ഏഷ്യൻ കപ്പിന് ഖത്തർ ആതിഥ്യം വഹിച്ചതിനാൽ ഈ വർഷം ജനുവരിയിൽ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദർശകർ ഖത്തറിലെത്തിയതായി അൽ ഖർജി ചൂണ്ടിക്കാട്ടി. 39000 ഹോട്ടൽ മുറികളുള്ള നഗരത്തിൽ ഈ വർഷം ആദ്യ പാദത്തിൽ 75 ശതമാനം മുറികളും വിറ്റഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു. ഖത്തറിലേക്കുള്ള സന്ദർശകരിൽ 44 ശതമാനം ആളുകളും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. കൂടാതെ യൂറോപ്പ്, അമേരിക്ക, ഏഷ്യ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തി.
കായിക മേഖലയിലെ വമ്പൻ ടൂർണമെന്റുകൾക്ക് വേദിയാകുന്നത് ഖത്തറിലെ ടൂറിസം മുന്നേറ്റത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഫിഫ ലോകകപ്പിന് ആതിഥ്യം വഹിച്ചതിന് പിന്നാലെ തൊട്ടടുത്ത വർഷം ഏഷ്യൻ കപ്പിനും എ.എഫ്.സി അണ്ടർ 23 ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയായി. ഫോർമുല വൺ കാറോട്ട മത്സരം അടുത്ത വർഷത്തേക്കുള്ള കരാറിന്റെ ഭാഗമായി ഖത്തറിൽ ആരംഭിച്ചു കഴിഞ്ഞു. തുടർച്ചയായി അഞ്ച് വർഷം ഫിഫ അണ്ടർ 17 ലോകകപ്പിനും അടുത്ത വർഷം ഫിഫ അറബ് കപ്പിനും ഖത്തർ വേദിയാകുന്നുണ്ട്. 2027ലെ ഫിബ ബാസ്കറ്റ് ബാൾ ലോകകപ്പ് വേദിയും ഖത്തറാണ്. അടുത്ത ദശകത്തിൽ രണ്ട് വർഷം കൂടുമ്പോൾ ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോക്കും ഖത്തർ വേദിയാകും. കഴിഞ്ഞ വർഷം ജനീവ മോട്ടോർ ഷോക്ക് ദോഹ ആതിഥ്യമരുളിയിരുന്നു.
കായിക മത്സരങ്ങൾക്ക് പുറമേ, അന്താരാഷ്ട്ര സമ്മേളനങ്ങളിലൂടെയും ഉച്ചകോടികളിലൂടെയും പ്രദർശനങ്ങളിലൂടെയും കുടുംബങ്ങളെയും മെഡിക്കൽ ടൂറിസ്റ്റുകളെയും വ്യാപാരികളെയും ആകർഷിക്കാനും ഖത്തർ പദ്ധതിയിടുന്നതായും ഖത്തർ ടൂറിസം ചെയർമാൻ പറഞ്ഞു. പ്രകൃതിവാതക ഉൽപാദനത്തിൽ ലോകത്ത് മുൻനിരയിലുള്ള ഖത്തർ 2030ഓടെ രാജ്യത്തേക്ക് പ്രതിവർഷം ആറ് ദശലക്ഷം സന്ദർശകരെ എത്തിക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കല, ഡിസൈൻ, ഫാഷൻ പരിപാടികളുടെ നീണ്ടനിരയാണ് പുറത്തിറക്കാനിരിക്കുന്നത്. 2030ഓടെ ആഭ്യന്തര മൊത്ത ഉൽപാദനത്തിൽ (ജി.ഡി.പി) ടൂറിസം മേഖലയിൽനിന്നും 12 ശതമാനം വർധന ഖത്തർ പ്രതീക്ഷിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല