സ്വന്തം ലേഖകന്‍: ലിബിയ ശാന്തമാകുന്നു, പുതിയ ഭരണകൂടം നിലവില്‍ വന്നു, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ദുരിതത്തില്‍ തന്നെ. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്നനാണ് പ്രാദേശിക ഭരണകൂടം നിലവില്‍ വന്നത്. എന്നാല്‍ മതിയായ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയിലാണ് മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞയാഴ്ച വിമതരുടെ അക്രമണത്തില്‍ വെളിയന്നൂര്‍ സ്വദേശികളായ അമ്മയും മകനും മരിച്ചതോടെ മലയാളികള്‍ ഭീതിയിലാണ്. തങ്ങളെ നാട്ടിലെത്തിക്കുന്നതിന് ആശുപത്രി അധികൃതരും ഇന്ത്യന്‍ എംബസിയും അലംഭാവം കാണിക്കുകയാണെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ആരോപിക്കുന്നു.
ട്രിപ്പോളി, സബ്രാത്ത പ്രവിശ്യകളില്‍ ആയിരത്തോളം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ നൂറോളം പേര് നാട്ടിലേക്കു മടങ്ങാന്‍ തയാറാണ്. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകളും ശമ്പള കുടിശികയും ലഭിക്കാന്‍ വൈകുന്നത് പലരേയും കുഴക്കുകയാണ്. ദിനാര്‍ ഡോളറാക്കി മാറ്റുന്നതിനു നേരിടുന്ന തടസവും ബാങ്കുകളില്‍ നിന്ന് പണം പിന്വലിക്കാനാകാത്തതും ഇവരുടെ മടക്കം അനിശ്ചിതമായി വൈകിക്കുകയാണ്.
ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെയും മകന്റെയും മൃതദേഹങ്ങള്‍ അടുത്തയാഴ്ച എത്തിക്കുമെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്. വെളിയന്നൂര്‍ വന്ദേമാതരം തുളസിഭവനില്‍ വിപിന്റെ ഭാര്യ സുനു വിപിന്‍ (29), മകന് പ്രണവ് (ഒന്നര വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല