സ്വന്തം ലേഖകന്‍: ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം, നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. പലരുടെയും വിസ കാലാവധി അവസാനിച്ചതിനാല്‍ ലിബിയയിലെ തുടര്‍ താമസവും ത്രിശങ്കുവിലാണ്. ലിബിയയിലെ വിവിധ ആശുപത്രികളിലായി നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്.
മാര്‍ച്ച് 25 ന് നഴ്‌സുമാര്‍ താമസിച്ചിരുന്ന നാലു നില ഫ്‌ലാറ്റിനുനേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം വെളിയന്നൂര്‍ സ്വദേശി നഴ്‌സും ഒന്നര വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടിരുന്നു. സാവിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 18 നഴ്‌സുമാരും 11 കുട്ടികളും ആശുപത്രി കെട്ടിടത്തില്‍ കുടുങ്ങിയതായി വാര്‍ത്തകളുണ്ടായിരുന്നു.
ആശുപത്രി അധികൃതര്‍ എക്‌സിറ്റ് അടിച്ചു നല്‍കിയ ഇവരുടെ വിസ കാലാവധി 15 ന് കടുത്ത ആശങ്കയിലാണ് നഴ്‌സുമാരും കുടുംബങ്ങളും.
പലരുടെയും ശമ്പളവും മാസങ്ങളായി തടഞ്ഞു വച്ചിരിക്കുകയാണ്. എംബസിയുമായി ബന്ധപ്പെട്ടു വരികയാണെന്ന് നോര്‍ക്ക അധികൃതര്‍ ബുധനാഴ്ച നഴ്‌സുമാരെ അറിയിച്ചിട്ടുണ്ട്.
നേരത്തേ ആഭ്യന്തര യുദ്ധത്തെതുടര്‍ന്ന് ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇടക്ക് സ്ഥിതി ശാന്തമായതോടെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വന്‍ ശമ്പളം വാഗ്ദാനം ചെയ്തു ലിബിയയിലേക്ക് വീണ്ടും നഴ്‌സുമാരെ കടത്തുകയായിരുന്നു.
എറണാകുളം ജില്ലയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി വഴി ലിബിയയിലേക്ക് പോകാന്‍ തയാറായ മുപ്പതോളം നഴ്‌സുമാരെ മാസങ്ങള്‍ക്കു മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞിരുന്നു. തുടര്‍ന്ന് സ്വന്തം ഉത്തരവാദിത്വത്തിലാണ് യാത്രയെന്ന് എഴുതി നല്‍കിയാണ് അവര്‍ ലിബിയയിലേക്ക് പോയത്. ഇവരില്‍ ഭൂരിഭാഗത്തിനും ജോലി നഷ്ടപ്പെട്ടതായും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല