സ്വന്തം ലേഖകന്‍: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലെത്തിയത് സ്വന്തം ചെലവില്‍,കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. മലയാളികളെ നാട്ടിലെത്തിച്ചതിന്റെ അവകാശം ഉന്നയിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി സുഷമാ സ്വരാജും തമ്മില്‍ വാക്‌പോര് മുറുകുന്നത്.
എന്നാല്‍ തങ്ങളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് ലിബിയയില്‍ നിന്ന് മടങ്ങി എത്തിയവര്‍ പറഞ്ഞു. തങ്ങള്‍ സ്വന്തം നിലയ്ക്ക് ടിക്കറ്റ് എടുത്താണ് മടങ്ങിയത്. നാല് ടിക്കറ്റിനായി 9 ലക്ഷം രൂപ വരെ പലര്‍ക്കും ചെലവായി. എംബസിയുടെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചില്ലെന്നും നാട്ടിലെത്തിയപ്പോള്‍ മുഖ്യമന്ത്രി വിളിച്ച് കാര്യങ്ങള്‍ തിരക്കിയെന്നും മടങ്ങി എത്തിയവര്‍ പറഞ്ഞു.
‘ലിബിയയില്‍ കുടുങ്ങിയവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താനും മന്ത്രി കെ.സി. ജോസഫും കേന്ദ്രമന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവരെ ചെന്ന് കണ്ടെങ്കിലും അവര്‍ അന്ന് കൈമലര്‍ത്തി. ലിബിയയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ പ്രത്യേക വിമാനം അയച്ച് അവിടെയുള്ളവരെ രക്ഷിച്ചതാണെന്നും എന്നിട്ടും മടങ്ങാന്‍ തയാറാകാതെ കുടുങ്ങിയവരുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്‌ളെന്നുമായിരുന്നു കേന്ദ്ര നിലപാട്. ഒടുവില്‍, വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കി ലിബിയയില്‍ കുടുങ്ങിയവരെ മടക്കിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്ക് തീരുമാനിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ലിബിയയില്‍ നിന്ന് 29 ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേരളം പണം നല്‍കിയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തിന് മറുപടിയുമായാണ് സുഷമ സ്വരാജ് രംഗത്ത് വന്നത്. ഇറാഖ്, ലിബിയ, യെമന്‍ എന്നീ സംഘര്‍ഷ മേഖലകളില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷിച്ചതിന് ആരാണ് പണം നല്‍കിയതെന്ന് സുഷമ സ്വരാജ് ചോദിച്ചു. ആരാണ് പണം നല്‍കിയതെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് താനല്ല, മുഖ്യമന്ത്രിയാണെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങളോടുള്ള കടമയാണ് നമ്മള്‍ ചെയ്യുന്നതെന്നും സുഷമ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല