സ്വന്തം ലേഖകന്‍: ലിബിയ കത്തുന്നു, കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം മലയാളികള്‍. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നാട്ടിലേക്കു വിമാന ടിക്കറ്റ് ലഭിക്കാതെയും ജോലി ചെയ്തതിന്റെ ശമ്പളം പൂര്‍ണമായി ലഭിക്കാതെയും ലഭിച്ച ശമ്പളം ഡോളറാക്കി മാറ്റാന്‍ സാധിക്കാതെയുമാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്. നേരത്തെ ആക്രമണത്തില്‍ വെളിയന്നൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുബ്രാത്ത പോലുള്ള ചെറു വിമാനത്താവളങ്ങള്‍ അട6ച്ചുപൂട്ടിയതു പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുനു ജോലി ചെയ്തിരുന്ന സാവിയ ആശുപത്രിയില്‍ മാത്രം 22 മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനു പുറമേ രാജ്യത്തിന്റെ മറ്റിടങ്ങളിലും നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.
ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന പണവും സ്വര്‍ണവും തിരികെയെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നവരുമുണ്ട്. അതേസമയം, കൊല്ലപ്പെട്ട സുനുവിന്റെയും പ്രണവിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങള്‍ ഇതുവരെയും നീങ്ങിയിട്ടില്ല. റോഡ് മാര്‍ഗം മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍ ദൂരമുള്ള സുവാര വിമാനത്താവളത്തിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കിയെന്നാണു ബന്ധുക്കള്‍ക്ക് ഒടുവില്‍ ലഭിച്ച വിവരം.
മൃതദേഹങ്ങള്‍ ഇപ്പോഴും സാവിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എംബസി ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല