സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് രക്ഷപ്പെട്ട ബന്ദികള്‍. ലിബിയയില്‍ ഐ.എസ് ഭീകരരുടെ പിടിയിലുള്ള രണ്ട് ഇന്ത്യാക്കാരും സുരക്ഷിതരാണെന്ന് തടവില്‍ നിന്ന് വിട്ടയക്കപ്പെട്ട് ബെംഗളൂരുവില്‍ എത്തിയ ലക്ഷ്മീകാന്ത് രാമകൃഷ്ണ പറഞ്ഞു.
ഐ.എസ് തീവ്രവാദികളുടെ നേതാവാണ് ഇക്കാര്യം അറിയിച്ചതെന്നും രാമകൃഷ്ണ അറിയിച്ചു. ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മേഖലയില്‍നിന്ന് നാല് അധ്യാപകരെയാണ് തട്ടിക്കൊണ്ടു പോയത്. ഇതില്‍ രണ്ടു പേരെ മോചിപ്പിച്ചിരുന്നു.
ലിബിയയിലെ സിര്‍ത്ത് സര്‍വകലാശാലയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഹൈദരാബാദ് സ്വദേശികളായ അധ്യാപകരെ മോചിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അധ്യാപകരായ കെ ബല്‍റാം, ടി ഗോപീകൃഷ്ണ എന്നിവരുടെ ജീവന് ഇതുവരെ ഭീഷണി ഇല്ലെന്നും മോചന കാര്യത്തില്‍ ശുഭാപ്തിവിശ്വാസം ഉണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ട്രിപ്പോളിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ മുഹമ്മദ് റാഷിദ് ഖാന്‍, ലിബിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അസര്‍ എ.എച്ച് ഖാന്‍ എന്നിവരുമായി നയതന്ത്ര ഉദ്യോസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സിര്‍ത്ത് സര്‍വകലാശാല അധികൃതരുമായും ഇന്ത്യന്‍ ജീവനക്കാരുമായും നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല