സ്വന്തം ലേഖകന്‍: ലോകത്തിന്റെ കണ്ണു നനയിച്ച് പേരറിയാത്ത ലിബിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം. അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ സംഘടനയായ സീ വാച് പുറത്തുവിട്ട ചിത്രത്തിലെ ഒരു വയസ്സു തോന്നിക്കുന്ന കുഞ്ഞിനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. 350 അഭയാര്‍ഥികള്‍ സഞ്ചരിച്ച മരംകൊണ്ട് നിര്‍മിച്ച ബോട്ട് കഴിഞ്ഞയാഴ്ച ലിബിയന്‍തീരത്ത് തകര്‍ന്നിരുന്നു. ഈ ബോട്ടില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതിനിടിയില്‍ നിന്നാണ് ഈ കുഞ്ഞിനെയും കണ്ടടുത്തതെന്ന് സീ വാച് പറയുന്നു.
അടഞ്ഞ കണ്ണുകളും നീലിച്ച ചുണ്ടുകളുമായി രക്ഷാപ്രവര്‍ത്തകന്റെ കൈയില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം ഐലാന്‍ കുര്‍ദിയുടെ ചിത്രമുണ്ടാക്കിയതിന് സമാനമായ പ്രതികരണമാണ് ലോകമെങ്ങും ഉണ്ടാക്കുന്നത്. പുതിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അഭയാര്‍ഥി മരണങ്ങള്‍ ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ഇടപെടണമെന്ന് സീ വാച് ആവശ്യപ്പെട്ടു.
ഒരു കളിപ്പാവ കണക്കെ അവന്‍ വെള്ളത്തില്‍ ഒഴുകിനടക്കുകയായിരുന്നുവെന്ന് കുഞ്ഞിനെ കണ്ടെത്തിയ മാര്‍ട്ടിന്‍ എന്ന ജര്‍മന്‍ എന്ന രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു. ‘ഞാന്‍ കുഞ്ഞിന്റെ കൈകള്‍ പിടിച്ചു. ഭാരമില്ലാത്ത ശരീരം എടുത്തുയര്‍ത്തി എന്റെ കൈകളില്‍ കരുതലോടെ ചേര്‍ത്തണച്ചു. അപ്പോള്‍ അവന് ജീവനുള്ളതുപോലെ തോന്നിപ്പോയി. കുഞ്ഞുവിരലുകള്‍ മടക്കിപ്പിടിച്ച കൈ വായുവിലേക്ക് അല്‍പം ഉയര്‍ത്തിവെച്ചിരുന്നു.
ഹൃദയം നുറുക്കുന്ന ഈ രംഗത്തില്‍നിന്ന് വിടുതല്‍നേടാന്‍, സ്വയം ആശ്വസിപ്പിക്കാന്‍ ഞാന്‍ പാട്ടുപാടാന്‍ നോക്കി. കേവലം ആറു മണിക്കൂര്‍ മുമ്പ് ഈ കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നുവല്ലോ’ തൊഴില്‍കൊണ്ട് ഒരു മ്യൂസിക് തെറപ്പിസ്റ്റും മൂന്നു മക്കളുടെ പിതാവുമായ മാര്‍ട്ടിന്‍ ആ രംഗം വേദനയോടെ വിവരിക്കുന്നു.
ലിബിയക്കും ഇറ്റലിക്കും ഇടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിരവധി ബോട്ടുകള്‍ സര്‍ക്കാര്‍ ഇതര ജര്‍മന്‍ സംഘടനയായ സീ വാച് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തുര്‍ക്കി തീരത്തണഞ്ഞ ഐലാന്‍ കുര്‍ദി എന്ന പിഞ്ചു ബാലന്റെ ശരീരം അഭയാര്‍ഥികളുടെ നേര്‍ക്ക് യൂറോപ്പിന്റെ കണ്ണു തുറപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല