സ്വന്തം ലേഖകൻ: 2012ൽ 14–ാം വയസ്സിലാണ് നീരജ് ചോപ്രയെന്ന കൗമാരക്കാരൻ ഇന്ത്യൻ കായിക വേദിയിൽ സ്വർണത്തിളക്കത്തോടെ വരവറിയിച്ചത്. ലക്നൗവിൽ നടന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ 68.46 മീറ്റർ എറിഞ്ഞ് നീരജ് ദേശീയ റെക്കോർഡ് തിരുത്തി. തുടർന്നങ്ങോട്ട് ദേശീയ, രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾ വഹിച്ച് നീരജിന്റെ ജാവലിൻ പറക്കാൻ തുടങ്ങി.
പാനിപ്പത്തിലെ ഖണ്ഡാര ഗ്രാമത്തിൽ 19 അംഗങ്ങളുള്ള നീരജിന്റെ കൂട്ടുകുടുംം സന്തോഷ തിമിർപ്പിലാണ്. വലിയ സ്ക്രീനിൽ നീരജിന്റെ വിജയം ആവർത്തിച്ചു കണ്ടു നേട്ടമാഘോഷിക്കുന്ന ഗ്രാമവാസികൾ പടക്കം പൊട്ടിച്ചും ദേശീയപതാകയുമായി വീടുകൾ കയറിയും നീരജിനും രാജ്യത്തിനും ജയ് വിളിച്ചും രാത്രി പകലാക്കുന്നു.
ബുധനാഴ്ച പ്രാഥമിക ഘട്ടത്തിൽ മികച്ച ദൂരം (86.65 മീറ്റർ) കുറിച്ചപ്പോൾതന്നെ മെഡൽ ഉറപ്പിച്ചിരുന്നെന്നു കർഷകനായ പിതാവ് സതീഷ് കുമാർ പറയുന്നു. “മകനെക്കുറിച്ച് ഏറെ അഭിമാനിക്കുന്നു. സ്വർണം നേടുമെന്ന് ഉറപ്പായിരുന്നു. ഈ നിമിഷത്തിനു വേണ്ടിയാണു ഞങ്ങളെല്ലാം ഇത്രനാൾ കാത്തിരുന്നത്,“ നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.
അമ്മ സരോജ് ദേവിയും മകനെക്കുറിച്ചു പറഞ്ഞിട്ട് അവസാനിക്കുന്നില്ല. നീരജിന്റെ 2 സഹോദരിമാരും സതീഷ് കുമാറിന്റെ 3 സഹോദരങ്ങളും അവരുടെ കുടുംബവും ഉൾപ്പെടുന്ന കുടുംബത്തിനു പറയാൻ ഏറെയുണ്ട്. ഒരിക്കൽ നീരജിനെ നോക്കി പരിഹസിച്ചിരുന്നവർ ഇന്ന് അഭിമാനപൂർവം അവനെക്കുറിച്ചു പറയുന്ന കഥയാണു പിതാവിന്റെ അനുജൻ ഭീം ചോപ്ര പറഞ്ഞത്.
അമിതവണ്ണമായിരുന്നു കുട്ടിക്കാലത്തു നീരജിന്റെ വെല്ലുവിളി. പലരിൽനിന്നും പരിഹാസം നേരിടാനും അതു കാരണമായി. ‘അതാ ഗ്രാമമുഖ്യൻ വരുന്നു’ (ദേഖോ സർപഞ്ച് ജി ആഗയാ) എന്നാക്ഷേപിച്ചു കൂട്ടുകാർ കളിയാക്കിയതിനെ തുടർന്നു കരഞ്ഞു വീർത്ത കണ്ണുമായി വീട്ടിൽ ഓടിയെത്തിയ നീരജിനെക്കുറിച്ചു ഭീം ചോപ്ര ഇപ്പോൾ ഓർക്കുമ്പോൾ മുഖത്തു നിറയെ ചിരി.
ഈ പരിഹാസങ്ങളെ നേരിടാൻ പരിശീലിക്കാനാണു പ്രദേശത്തെ ജിംനേഷ്യത്തിൽ നീരജിനെ ചേർത്തത്. ഒളിംപിക്സ് സ്വർണമെഡലിലേക്കുള്ള അടിത്തറ അവിടെ ഒരുങ്ങി. ഇപ്പോഴും നീരജിനെ ഗ്രാമവാസികൾ ‘സർപഞ്ച്’ എന്നു തന്നെയാണു വിളിക്കുന്നത്.
ഖണ്ഡാരയിലെ നീരജിന്റെ വീട്ടിൽ നീരജിനു വേണ്ടി ക്രമീകരിച്ച സമ്പൂർണ ജിംനേഷ്യമുണ്ട്. വീടിനു മുന്നിൽ നീരജിന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിനൊപ്പം എസ്‍യുവിയും 3 ട്രാക്ടറുകളും. മകൻ നേട്ടങ്ങൾ കൊയ്യുമ്പോഴും കർഷക കുടുംബത്തിന്റെ പാരമ്പര്യം പിതാവ് സതീഷ് പിന്തുടരുന്നു.
2015ൽ ജാവലിൻത്രോയിലെ സ്വപ്നദൂരമായ 80 മീറ്റർ പരിധി കടന്ന നീരജ് 2016ൽ പോളണ്ടിൽ നടന്ന ലോക അണ്ടർ–20 ചാംപ്യൻഷിപ്പിൽ റെക്കോർഡോടെ സ്വർണം നേടി ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. ഈ വർഷം മാർച്ചിൽ ഇന്ത്യൻ ഗ്രാൻപ്രിയിൽ കുറിച്ച 88.07 മീറ്ററായിരുന്നു നീരജിന്റെ കരിയറിലെ മികച്ച പ്രകടനം. 68.46 മീറ്റർ എറിഞ്ഞ് കരിയർ തുടങ്ങിയ താരത്തിന്റെ പ്രകടനത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായത് 19.61 മീറ്ററിന്റെ കുതിപ്പ്!
2 വർഷത്തിനിടെ 17 തവണ 90 മീറ്ററിലേറെ ദൂരത്തേക്കു ജാവലിൻ പായിച്ച ജൊഹാനസ് വെറ്റർ എന്ന ജർമൻ താരമായിരുന്നു ഇന്നലത്തെ ഫൈനലിനു മുൻപ് എല്ലാ പ്രവചനങ്ങളിലും ഒന്നാമൻ. കഴിഞ്ഞ വർഷം 97.76 മീറ്റർ പിന്നിട്ടു ലോക റെക്കോർഡിട്ടതിന്റെ തിളക്കത്തിലാണു വെറ്റർ ഒളിംപിക്സിനെത്തിയത്. മികച്ച വ്യക്തിഗത പ്രകടനത്തിൽ വെറ്ററിനെക്കാൾ 9 മീറ്ററിലേറെ പിന്നിലായിരുന്നു ഹരിയാനക്കാരൻ.
എന്നിട്ടും വെറ്റർ അടക്കം ജാവലിൻ ത്രോയിലെ സകല വമ്പൻമാരെയും വീഴ്ത്തിയാണ് നീരജിന്റെ അദ്ഭുത ജാവലിൻ ചരിത്രനേട്ടത്തിൽ ചെന്നുപതിച്ചത്. ഒളിംപിക്സ് തയാറെടുപ്പിന്റെ ഭാഗമായി ഈ വർഷമാദ്യം 3 മാസക്കാലം നീരജ് ജർമനിയിൽ വെറ്ററിനൊപ്പം പരിശീലനം നടത്തിയിരുന്നു. വെറ്ററിന്റെ വിദഗ്ധ നിർദേശങ്ങൾ ടെക്നിക്കുകൾ മെച്ചപ്പെടുത്താൻ തന്നെ സഹായിച്ചുവെന്ന നീരജ് മുൻപ് പറഞ്ഞിരുന്നു. എന്നെ തോൽപിക്കാൻ നീരജ് ചോപ്ര നന്നായി ബുദ്ധിമുട്ടുമെന്നായിരുന്നു ഒളിംപിക്സ് മത്സരത്തിനു മുൻപു വെറ്ററുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല