1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2012

ലണ്ടന്‍: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ കുറവ് വരുത്തിയതിനാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി എന്‍എച്ച്എസ് ട്രസ്റ്റുകള്‍. ഇത് മൂലം ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ ബാധിച്ചവരുടെ ജീവന് ഭീഷണിയുണ്ടെന്നും എന്‍എച്ച്എസ് അധികൃതര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും അഞ്ചില്‍ നാല് എന്‍എച്ച്എസ് ട്രസ്റ്റുകളിലും ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ക്യാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, സ്‌കീസോഫ്രീനിയ, ശരീരഭാഗങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തുടങ്ങിയ ജീവന് ഭീഷണി ഉയര്‍ത്തുന്ന രോഗങ്ങള്‍ക്കാണ് മരുന്നുകള്‍ കിട്ടാനില്ലാത്തത്.
അറുപത് എന്‍എച്ച്എസുകളിലെ അധികൃതര്‍ നടത്തിയ സര്‍വ്വേയിലാണ് ഗുരുതരമായ മരുന്ന് ക്ഷാമം ശ്രദ്ധയില്‍പെട്ടത്. അടിയന്തിരമായി അശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് പോലും മരുന്ന് നല്‍കാനാകാത്ത അവസ്ഥയിലാണ്. നാല് വര്‍ഷം മുന്‍പാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്‍എച്ച്എസിന് റേഷനിങ്ങ് അടിസ്ഥാനത്തില്‍ മരുന്നുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. മികച്ച എക്‌സ്‌ചേഞ്ച് റേറ്റ് ലഭിക്കുന്നതിനാല്‍ കമ്പനികള്‍ വിദേശത്തേക്ക് മരുന്ന കയറ്റി അയക്കുന്നത് വര്‍ദ്ധിപ്പിച്ചതാണ് ഇവിടെ റേഷനിങ്ങ് സമ്പ്രദായം കൊണ്ടുവരാന്‍ കാരണം. രാജ്യത്തെ രോഗികള്‍ക്ക് മരുന്ന് എത്തിച്ച ശേഷം മാത്രം വിദേശത്തേക്ക് മരുന്ന് കയറ്റി അയച്ചാല്‍ മതിയെന്ന് നിലപാടെടുക്കാന്‍ എന്‍എച്ച്എസ് അധികാരികള്‍ ഗവണ്‍മെന്റിനോടും രാഷ്ട്രീയ നേതാക്കളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മരുന്നുകളുടെ ക്ഷാമം മൂലം അറുപതില്‍പരം പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണന്ന് ഒഗ്‌മോറിലെ ലേബര്‍ എംപി ഹ്യു ഇറാന്‍ക ഡേവിസി പറഞ്ഞു. പലഇടങ്ങളിലും എഴുപതില്‍പരം സാധാരണ മരുന്നുകള്‍ കിട്ടാനില്ല. അതുകാരണം പല രോഗികളും മരുന്നിനായി ആറ് മാസം വരെ കാത്തിരിക്കേണ്ട ഗതികേടിലാണന്നും ഡേവിസ് പറഞ്ഞു. ബ്രിട്ടനിലേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്നുവെന്ന കാരണത്താല്‍ പല മരുന്നുകമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിറ്റഴിക്കുന്നതായി ഈവര്‍ഷമാദ്യം നടന്ന ഒരു സര്‍വ്വകക്ഷി മീറ്റിങ്ങില്‍ എംപിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മരുന്നുകമ്പനി അധികൃതര്‍ നേരിട്ട് റേഷനിങ്ങ് സിസ്റ്റത്തെ കുറിച്ച് അറിയിക്കുകയോ ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് എന്‍എച്ച്എസ് അധികാരികളുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് എന്‍എച്ച്എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്മറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രു മക്കോഗ് പറഞ്ഞു.
സഖ്യകക്ഷി ഗവണ്‍മെന്റിന്റെ ആരോഗ്യരംഗത്തെ പരിഷ്‌കാരങ്ങളാണ് സംഗതി ഇത്രയും ഗുരുതരമാക്കിയതെന്നാണ് എന്‍എച്ച്എസ് അധികാരികളുടെ കുറ്റപ്പെടുത്തല്‍. ജിപി റഫര്‍ ചെയ്യുന്ന രോഗികളെ ആശുപത്രികളില്‍ ചികിത്സിച്ചാല്‍ മതിയെന്ന തീരുമാനം ഫാര്‍മസികളില്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചതായി ഡോ. മൈക്ക് പ്രന്റിസ് ചൂണ്ടിക്കാട്ടി. മരുന്ന് നിര്‍മ്മാതാക്കള്‍ക്കായി ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്നും അതില്‍ ബ്രിട്ടനിലെ രോഗികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അല്ലാത്ത പക്ഷം പരിഹരിക്കാനാകാത്ത വിധം കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും ലേബര്‍ പാര്‍ട്ടിയുടെ എംപി ഹ്യൂ ഇറാന്‍ക ഡേവിസ് മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.