സ്വന്തം ലേഖകന്‍: മലയാളി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 1000 ഗവേഷകര്‍ക്ക് ബ്രേക് ത്രൂ പുരസ്‌കാരം, ബഹുമതി ഭൂഗുരുത്വ തരംഗങ്ങളുടെ സാന്നിധ്യം തെളിയിച്ചതിന്. മൂന്നു മില്യണ്‍ വരുന്ന പുരസ്‌കാര തുക നല്‍കുന്നത് സിലിക്കണ്‍ വാലിയിലെ വ്യവസായ സംരഭകരുടെ കൂട്ടായ്മയാണ്. ഈ തുക ആയിരത്തോളം വരുന്ന ഗവേഷക സംഘാംഗങ്ങള്‍ പങ്കുവക്കും.
അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) പരീക്ഷണശാലയില്‍ നടത്തിയ ഗുരുത്വ തരംഗ പരീക്ഷണത്തിലാണ് പുരസ്‌കാരത്തിന് അര്‍ഹമായ കണ്ടുപിടുത്തം ഉണ്ടായത്. കിപ്പ് തോണ്‍, റെയ്‌നര്‍ വിസ്, റോണാള്‍ഡ് ഡ്രിവര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പരീക്ഷണത്തില്‍ ലോകമെമ്പാടുമുള്ള 1000 ത്തോളം ഫിസിസിസ്റ്റുകള്‍ പങ്കാളികളായി.
ഡോ. സി എസ് ഉണ്ണികൃഷ്ണന്‍, ഡോ. എ ഗോപകുമാര്‍ (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, മുംബൈ), ഡോ. കെ ജി അരുണ്‍ (ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ. പി അജിത്ത് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ്, ബംഗളൂരു), മുഹമ്മദ് സലിം, എം കെ ഹാരിസ് (ഐസര്‍, തിരുവനന്തപുരം), നിഖില്‍ മുകുന്ദ മേനോന്‍ (ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ്, പുണെ), ജോജി ജോര്‍ജ് (രാജ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി, ഇന്‍ഡോര്‍), എസ് സുനില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്‌ളാസ്മ റിസര്‍ച്ച്, ഗാന്ധിനഗര്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹമായ സംഘത്തിലെ മലയാളി ശാസ്ത്രജ്ഞര്‍.
സംഘ നേതാക്കളായ കിപ്പ് തോണ്‍, റെയ്‌നര്‍ വിസ്, റോണാള്‍ഡ് ഡ്രിവര്‍ എന്നിവര്‍ സമ്മാനത്തുകയിലെ ഒരു മില്യണ്‍ ഡോളര്‍ പങ്കുവക്കുമ്പോള്‍ ബാകിയുള്ള രണ്ടു മില്യണ്‍ ഡോളര്‍ സംഘാംഗങ്ങള്‍ തുല്യമായി വീതിച്ചെടുക്കും. ഇതുപ്രകാരം 1.33 ലക്ഷം രൂപ ഓരോരുത്തര്‍ക്കും ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല