സ്വന്തം ലേഖകൻ: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും ഉന്നംവെച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോലിചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും താന്‍ ഇന്ന് മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ജോസ് വ്യക്തമാക്കി.
തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തന്നെ സംബന്ധിച്ച് സിനിമ പണം സമ്പാദിക്കാനുള്ള യന്ത്രമല്ലെന്നും മറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും പറഞ്ഞ ലിജോ സിനിമയില്‍ നിന്ന് സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയക്കായി വിനിയോഗിക്കുമെന്നും തനിക്ക് ശരിയാണ് എന്ന് തോന്നുന്നിടത്ത് സിനിമ പ്രദര്‍ശിപ്പിക്കുമെന്നും വ്യക്തമാക്കി.
”ജോലി ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. സൃഷ്ടിക്കുന്നത് നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. നിങ്ങള്‍ ദയനീയമായി പരാജയപ്പെടും. കാരണം ഞങ്ങള്‍ കലാകരന്മാരാണ്,” അദ്ദേഹം പറഞ്ഞു.
തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ജൂലായ് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് നേരത്തെ ലിജോ ജോസ് പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും ലിജോ പങ്കുവെച്ചിരുന്നു.
സിനിമാ ചിത്രീകരണം തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍ എന്ന് നേരത്തെ ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല