ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച സംയുക്ത ഓള്‍ യുകെ വടംവലി മത്സരവും ഓണാഘോഷവും സംഘാടക മികവ് കൊണ്ടും, പാരമ്പര്യ തനിമ കൊണ്ടും, ജനകീയ സാന്നിധ്യം കൊണ്ടും വേറിട്ട ഓണക്കാഴ്ചയാണ് ലിവര്‍പൂള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ലിവര്‍പൂള്‍ സെന്റ് ജോണ്‍ ബോസ്കോ ഓഡിറ്റൊറിയത്തില്‍ രാവിലെ ഒന്‍പതു മണിക്ക് വടംവലി മത്സരം ആരംഭിച്ചു. യുകെയുറെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ എട്ടു ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തിനൊടുവില്‍ വൂസ്റ്റര്‍ തെമ്മാടി ടീം ജേതാക്കളായി. ലിവര്‍പൂള്‍ ടൈഗേര്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹരികുമാര്‍ ഗോപാലന്‍, ജോഷി ചാക്കോ, എന്നിവര്‍ വടംവലി മത്സരത്തിനു നേതൃത്വം നല്‍കി.
തത്സമയം വനിതകള്‍ക്കും കുട്ടികള്‍ക്കും നടത്തിയ അത്തപ്പൂക്കള മത്സരത്തില്‍ സജീവ് എബ്രഹാം ഒന്നാം സമ്മാനം നേടിയപ്പോള്‍ ലിമ തിരുവാതിര ടീം രണ്ടാം സ്ഥാനത്തിനു അര്‍ഹരായി. മേലീസ ഇമ്മാനുവല്‍ പൂക്കള്‍ മത്സരത്തിനു മേല്‍നോട്ടം വഹിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ആരംഭിച്ച പരമ്പരാഗത ഓണസദ്യ മൂന്നു പന്തികളിലായിട്ടാണ് വിളമ്പിയത്. 700 ല്‍ പരം ആളുകളാണ് ഓണസദ്യയില്‍ പങ്കെടുത്തത്. ഓണസദ്യയ്ക്ക് ശേഷം മൂന്നു മണിയോടെ ആരംഭിച്ച പൊതു സമ്മേളനത്തില്‍ മുഖ്യാഥിതി കൌണ്‍സിലര്‍ ടോം ആദിത്യ ഭദ്രദീപം കൊളുത്തി കലാവിരുന്ന് ഉത്ഘാടനം ചെയ്തു. കേരള ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് അഡ്വ: കെ.എസ് ബാലകൃഷണ ഓണസന്ദേശം നല്‍കി.
തുടര്‍ന്നു നടന്ന സമ്മാന ദാന ചടങ്ങില്‍ കൌണ്‍സിലര്‍ ടോം ആദിത്യ വടംവലി മത്സര ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ജി.സി.എസ്.ഇ യില്‍ ഉന്നതവിജയം നെടിയവര്‍ക്കായി ഏര്‍പ്പെടുത്തിയ ലിമ ആച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ എഡ്വിന്‍ ജോര്‍ജ്, ബെനീറ്റോ സെബാസ്റ്റ്യന്‍, നിതിന്‍ എന്നിവര്‍ കൌണ്‍സിലര്‍ ടോം ആദിത്യയില്‍ നിന്ന്നും ഏറ്റു വാങ്ങി. എ ലെവല്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ അശ്വിന്‍ അജയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ക്കും ലിമ ആച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. റഷ്യന്‍ ഡാന്‍സ് ഒളിംബ്യാഡ വിജയി ടോണി ജോസഫിനും ലിമ അവാര്‍ഡ് നല്‍കി.
ലിമ ആര്‍ട്സ് ക്ലബ് സെക്രട്ടറിയും ചീഫ് പ്രോഗ്രാം കോര്ടിനേറ്ററുമായ ജോയി അഗസ്തി നൃത്ത സംവിധാനം ചെയ്ത ലിമ അവതരണ ഗാനത്തിനൊപ്പം 34 യുവ കലാകാരന്മാരും കലാകാരികളും ചുവടുവെച്ച ചേതോഹരമായ ദൃശ്യാ വിസ്മയത്തോടെ കലാവിരുന്നിനു തിരി തെളിഞ്ഞു. പല്ലക്കിലെറി എത്തിയ മഹാബലി പാരമ്പര്യ സ്മൃതികള്‍ ഉണര്‍ത്തിയപ്പോള്‍ ഗതകാലത്തിന്റെ മധുര സ്മരണകളുണര്ത്തിയ നൊസ്റ്റാള്‍ജിയ വന്‍ കരാഘോഷത്തോടെയാണ് കാണികള്‍ നെഞ്ചിലേറ്റിയത്. ഫ്യൂഷന്‍ തിരുവാതിര, മാവേലി സ്കിറ്റ് തുടങ്ങി ഒട്ടനവധി കലാപ്രകടനങ്ങള്‍ ഉള്‍പ്പെടെ നാല് മണിക്കൂര്‍ നീണ്ടു നിന്ന കലാവിരുന്ന് ലിവര്‍പൂള്‍ മലയാളികള്‍ക്ക് ലിമയുടെ ഓണസമ്മാനമായി.
യുകെ മലയാളിയുടെ കുടിയേറ്റത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ലിവര്‍പൂള്‍ മലയാളികളെ കൂട്ടിക്കൊണ്ടു പോയ പ്രശസ്ത കലാകാരന്‍ ജോയി അഗസ്ഥിയുറെ ഓട്ടം തുള്ളല്‍ ലൂക്കാ 12 .20 ചിരിക്കൊപ്പം ചിന്തയും കാണികളില്‍ ഉണര്‍ത്തി.
സുനിത ജോര്‍ജ്, ആശിഷ് ജോസഫ്, അഗസ്തി മേലീസ ഇമ്മാനുവല്‍, എന്നിവരടങ്ങിയ ടീമാണ് ഓണാഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മേലീസം ഇമ്മാനുവല്‍ നന്ദി പ്രകടിപ്പിച്ചു. ലിവര്‍പൂളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ 700 ല്‍ പരം ആളുകള്‍ ഒരേ മനസോടെ ഓണാഘോഷത്തില്‍ പങ്കു ചേര്‍ന്നപ്പോള്‍ ലിമ ജനകീയതയുടെ പൊന്നോണം തന്നെയാണ് സൃഷ്ടിച്ചത്.
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല