സ്വന്തം ലേഖകൻ: യുപിഐ പേയ്‌മെന്റുകള്‍ക്ക് ഒരാള്‍ക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും അനുവാദത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് ഇടപാടിന് ഉപയോഗിക്കാനായിരുന്നത്.
സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്കില്‍നിന്ന് പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്‌മെന്റ് സൗകര്യമാണ് ആര്‍ബിഐ അവതരിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്ക് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്താന്‍ അനുവദിക്കുന്ന സംവിധാനമാണിത്.
ഒരേ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് പണമിടപാട് നടത്താന്‍ അനുവദിക്കുന്ന നടപടി ഡിജിറ്റല്‍ പേയ്മെന്റിന്റെ വ്യാപ്തിയും ഉപയോഗവും കൂടുതല്‍ ആഴത്തിലാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. യുപിഐ വഴി നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തില്‍നിന് അഞ്ച് ലക്ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തെതന്ന അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല