സ്വന്തം ലേഖകൻ: ഒട്ടനവധി അപകടകരമായ ഉള്ളടക്കങ്ങളിലേക്കാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് കുട്ടികളെ എത്തിക്കുന്നത്. കൃത്യമായ മേല്‍നോട്ടമില്ലാതെയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗം ഏറെ അപകടം നിറഞ്ഞതാണ്. കുട്ടികളുടെ സ്വഭാവ വികസനത്തേയും മാനസികാരോഗ്യത്തേയും സാരമായി ബാധിക്കാനിടയുള്ള ഓണ്‍ലൈനിലെ അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനുള്ള പലവിധ ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് നടത്തിവരുന്നുണ്ട്.
ഇപ്പോഴിതാ കൗമാരക്കാരായ കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്നതിനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഫാമിലി സെന്റര്‍ ഹബ്ബ് എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനാവും. ഇതുവഴി കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.
കുട്ടികള്‍ യൂട്യൂബില്‍ എന്തെല്ലാം കാാണുന്നു, എത്ര വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകള്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയാനാവും. കുട്ടികള്‍ ഒരു വീഡിയോ അപ് ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയില്‍ വഴി രക്ഷിതാക്കള്‍ക്ക് സന്ദേശമെത്തും.
ഉത്തരവാദിത്വത്തോടെയുള്ള യൂട്യൂബ് ഉപയോഗത്തിനായി കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന് രക്ഷിതാക്കളെ പ്രാപ്തമാക്കുകയാണ് ഈ പുതിയ സംവിധാനം. വിദഗ്ദരുമായി സഹകരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.
കൗമാരക്കാരായ ഉപഭോക്താക്കള്‍ക്കുള്ള റെക്കമന്റേഷനുകള്‍ നിയന്ത്രിക്കുന്നതടക്കം നിരവധി സുരക്ഷാ ഫീച്ചറുകള്‍ യൂട്യൂബ് നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഫാമിലി സെന്റര്‍ ഫീച്ചര്‍ വഴി കുട്ടികളുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ ഒപ്പം നില്‍ക്കാനും വഴികാണിക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല