സ്വന്തം ലേഖകന്‍: തകര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു; ജാവ കടലില്‍ ശരീരാവശിഷ്ടങ്ങള്‍. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുശേഷം കടലില്‍ തകര്‍ന്ന ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജാവ കടലില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.
വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.വിമാനം ടേക്ക് ഓഫ് ചെയ്തു മൂന്നു മിനിറ്റിനുള്ളില്‍ പൈലറ്റായ ഡല്‍ഹി സ്വദേശി ക്യാപ്റ്റന്‍ ഭവ്യേ സുനേജ തിരിച്ചിറങ്ങാനുള്ള അനുവാദം ചോദിച്ചതായി എയര്‍കണ്‍ട്രോള്‍ ട്രാഫിക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അനുവാദം നല്‍കിയെങ്കിലും വിമാനം നിയന്ത്രണം വിട്ടു കടലിലേക്കു വീഴുകയായിരുന്നുവെന്നാണു സൂചന.
അതിനിടെ, രക്ഷാപ്രവര്‍ത്തകരുടെ സംഘം കടലില്‍നിന്നു നിരവധി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പലതും ഛിന്നഭിന്നമായ അവസ്ഥയിലാണ്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ആരുടെയൊക്കെ മൃതദേഹങ്ങളാണിവയെന്നു തിരിച്ചറിയാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. ഒരു കുഞ്ഞിന്റെ മൃതദേഹവും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.അതേ സമയം,ബ്ലാക് ബോക്‌സിനായുള്ള തിരച്ചില്‍ അധികൃതര്‍ ഊര്‍ജിതമാക്കുന്നുണ്ട്.
ജക്കാര്‍ത്തയില്‍നിന്ന് ഇന്തൊനീഷ്യയിലെ തന്നെ പങ്കാല്‍ പിനാങ്ങിലേക്കു പുറപ്പെട്ട ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനമാണു തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ 6.21നു പുറപ്പെട്ട വിമാനം 7.20നു പങ്കാല്‍ പിനാങ്ങില്‍ ഇറങ്ങേണ്ടതായിരുന്നു. ജക്കാര്‍ത്തയുടെ കിഴക്കന്‍ തീരമായ കരാവാങ്ങിനു സമീപം ജാവാ കടലിലാണു വിമാനം വീണത്.
181 യാത്രക്കാരില്‍ ഒരു കുട്ടിയും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു 2 പൈലറ്റുമാര്‍ ഉള്‍പ്പെടെ 7 ജീവനക്കാരുമുണ്ടായിരുന്നു. നേരത്തെ ബാലി ജക്കാര്‍ത്ത യാത്രയില്‍ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്നും അതു പരിഹരിച്ചിരുന്നുവെന്നും ലയണ്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടിവ് എഡ്വേഡ് സിറൈത് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല