സ്വന്തം ലേഖകൻ: യുഎസില്‍ കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലായിരുന്നു സംഭവം. ഒരു ജംഗ്ഷനില്‍ ട്രാഫിക് ലൈറ്റ് ചുവപ്പ് കത്തിയിട്ടും ഇത് ശ്രദ്ധിക്കാതിരുന്ന മെസ്സിയുടെ കാര്‍ മുന്നോട്ടെടുത്ത് പോകുകയായിരുന്നു. ഈ സമയം മറുവശത്ത് നിന്ന് വാഹനങ്ങള്‍ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെസ്സിയുടെ കാറിന് അകമ്പടിയായി ഫോര്‍ട്ട് ലൗഡര്‍ഡെയില്‍ പോലീസിന്റെ വാഹനവും ഉണ്ടായിരുന്നു. മെസ്സിയുടെ വാഹനം മുന്നോട്ടെടുത്തപ്പോള്‍ സൈറന്‍ മുഴക്കി പോലീസ് വാഹനവും മുന്നോട്ടെടുത്തിരുന്നു. സൈറന്‍ കേട്ട് മറുവശത്തുനിന്ന് വന്ന വാഹനങ്ങള്‍ വേഗത കുറച്ചതും അപകടം ഒഴിവാകാന്‍ കാരണമായി. അതേസമയം മെസ്സിയാണോ കാര്‍ ഓടിച്ചതെന്ന കാര്യം വ്യക്തമല്ല.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം മെസ്സിയുടെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജൂണ്‍ ഏഴിനാണ് ഇന്റര്‍ മയാമിയിലേക്ക് പോകുന്നതായി മെസ്സി അറിയിച്ചത്. സ്പാനിഷ് മാധ്യമം മുണ്‍ഡോ ഡിപോര്‍ട്ടിവോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്റര്‍ മയാമിയിലേക്ക് പോകുന്ന കാര്യം മെസ്സി സ്ഥിരീകരിച്ചത്.
2025 വരെയാകും ക്ലബ്ബും മെസ്സിയുമായുള്ള കരാര്‍. ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപയായിരിക്കും പ്രതിവര്‍ഷ കരാര്‍ പ്രകാരം മെസ്സിക്ക് ലഭിക്കുക. മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ കൂടി ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ ക്ലബ്ബാണ് ഇന്റര്‍ മയാമി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല