സ്വന്തം ലേഖകൻ: ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തിനൊടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനേയും സെമിയില്‍ ക്രൊയേഷ്യയേയും പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കലാശപ്പോരിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ഡച്ച് പടയ്‌ക്കെതിരായ മത്സരം സംഭവബഹുലമായിരുന്നു. മത്സരത്തിന് ശേഷം മെസ്സിയടക്കമുള്ള അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റം വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അന്നത്തെ തന്റെ പെരുമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് മെസ്സി.
‘ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, ആ നിമിഷത്തില്‍ വന്നുപോയതാണത്; – ഡച്ച് താരം വെഗോസ്റ്റിനെതിരായ പെരുമാറ്റത്തെക്കുറിച്ച് മെസ്സി പറഞ്ഞു. മത്സരശേഷമുള്ള അഭിമുഖത്തിനിടെയാണ് വെഗോസ്റ്റിനോട് രോഷത്തോടെ മെസ്സി പ്രതികരിച്ചത്.
‘വളരെയധികം സമ്മര്‍ദ്ദം നിറഞ്ഞ നിമിഷങ്ങളാണത്. എല്ലാം പെട്ടെന്നാണ് സംഭവിക്കുന്നത്. ഒരാളുടെ പ്രതികരണത്തിനനുസരിച്ചാണ് മറ്റൊരാള്‍ പ്രതികരിക്കുന്നത്. ചെയ്തുപോയ കാര്യങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല’-മെസ്സി പറഞ്ഞു.
മത്സരത്തില്‍ ഗോളടിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആഘോഷവും ഏറെ ശ്രദ്ധേയമായി. വാന്‍ഗാലിന് നേരെ നിന്നുകൊണ്ട് റിക്വില്‍മിയുടെ ടോപ്പോ ഗിഗിയോ ഗോളാഘോഷം മെസ്സി അനുകരിക്കുകയായിരുന്നു. എന്നാല്‍ ഈ ആഘോഷവും ആ നിമിഷത്തില്‍ സംഭവിച്ചതാണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ഡച്ച്പടയെ കീഴടക്കിയത്. രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീന മുന്നിട്ടുനിന്നെങ്കിലും അവസാനനിമിഷം നെതര്‍ലന്‍ഡ്‌സ് തിരിച്ചടിച്ചു. പകരക്കാരനായിറങ്ങിയ വൗട്ട് വെഗോസ്റ്റാണ് നെതര്‍ലന്‍ഡ്‌സിന്റെ രണ്ടുഗോളുകളും നേടിയത്. മത്സരത്തിന് മുന്നേ നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ ലുയിസ് വാന്‍ഗാലും ഗോള്‍കീപ്പര്‍ ആന്‍ഡ്രീസ് നൊപ്പെര്‍ട്ടും മെസ്സിക്കെതിരെ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. മത്സരശേഷം വാന്‍ഗാലിനോടും അസിസ്റ്റന്റ് എഡ്ഗാര്‍ ഡേവിസിനോടും മെസ്സി വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല