സ്വന്തം ലേഖകന്‍: ലൈംഗിക ചുവയുള്ള സംഭാഷണളും മോശം രംഗങ്ങളും, ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പൂട്ടിട്ടു, പ്രതിഷേധവുമായി സംവിധായിക. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയില്‍ ലൈംഗിക ചുവയുള്ള സംഭാഷണളും മോശം രംഗങ്ങളും ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. മാത്രമല്ല ഒരു പ്രത്യേക സമുദായത്തെ ചിത്രത്തില്‍ ആക്ഷേപിക്കുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി.
കൊങ്കണ സെന്‍ ശര്‍മ, രത്‌ന പതക്, സുശാന്ത് സിംഗ് എന്നിവര്‍ അഭിനയിക്കുന്ന ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ ഒരു സ്ത്രീപക്ഷ സിനിമയാണ്. തങ്ങളുടെ ഇഷ്ടങ്ങളും, മോഹങ്ങളും ഉള്ളിലൊതുക്കാതെ ആഗ്രഹിക്കുന്നരീതിയില്‍ ജീവിക്കുന്ന നാലു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം സ്ത്രീകളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് സംവിധായിക പ്രതികരിച്ചു. സിനിമയുടെ പ്രദര്‍ശനത്തിനായി താന്‍ ഏതറ്റം വരെയും പോകുമെന്നും സംവിധായിക അറിയിച്ചു.എന്റെ സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചത് വഴി സ്ത്രീകളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചിരിക്കുകയാണ്.
നായകന് പ്രാധാന്യം നല്‍ക്കുന്ന സിനിമകളാണ് പൊതുവേ അംഗീകാരം നേടുന്നത്. സ്ത്രീകളുടെ ജീവിതം ആവിഷ്‌ക്കരിക്കുമ്പോള്‍ എപ്പോഴും പല പ്രതിസന്ധികളും ഉണ്ടാകുന്നു. പുരുഷമേധാവിത്യം ചോദ്യം ചെയ്യുന്ന ‘ലിപ്സ്റ്റിക്ക് അണ്ടര്‍ ബുര്‍ഖ’യുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. കാരണം ഇതൊരു സ്ത്രീപക്ഷ സിനിമയാണ്. സ്ത്രീകള്‍ക്ക് ആവിഷ്‌ക്കാരസ്വാതന്ത്ര്യം ഇല്ലേ? സംവിധായിക ചോദിക്കുന്നു.തന്റെ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കും വരെ പോരാട്ടം തുടരുമെന്നും അലംകൃത പറഞ്ഞു.
ലിംഗസമത്വ സന്ദേശം നല്‍കുന്ന മികച്ച ചിത്രമായി ലിപ്സ്റ്റിക്ക് അണ്ടര്‍ ബുര്‍ഖ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഒക്‌സ്ഫാം പുരസ്‌ക്കാരം നേടിയിരുന്നു. ടോക്യോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം സ്പിരിറ്റ് ഓഫ് ഏഷ്യ പുരസ്‌ക്കാരവും നേടിയിരുന്നു. ചിത്രത്തിന്റെ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ തരംഗമായ ട്രെയിലര്‍ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല