സ്വന്തം ലേഖകൻ: പ്രമുഖ എണ്ണ ഉല്‍പ്പാദ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ അടുത്ത കാലത്തായി എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഭാവന ചെയ്ത വിഷന്‍ 2030 പദ്ധതികളില്‍ ഏറ്റവും പ്രധാനമാണ് ടൂറിസം പദ്ധതികള്‍. രാജ്യത്തേക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക നഗരങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, വിനോദപരിപാടികള്‍, കായിക മത്സരങ്ങള്‍, ജലവിനോദ പരിപാടികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി കോവിഡിന് ശേഷം വലിയ പുരോഗതിയാണ് സൗദി ടൂറിസം മേഖല കൈവരിച്ചിരിക്കുന്നത്.
എന്നാല്‍ സൗദിയിലെ ടൂറിസം മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന വിലങ്ങുതടി രാജ്യത്തിന്റെ മദ്യ നയമാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ജനുവരിയില്‍ മുസ്ലിംകള്‍ അല്ലാത്ത നയതന്ത്ര പ്രതിനിധികള്‍ക്കിടയില്‍ മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ അനുവാദമില്ല. എന്നാല്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയുടെ ഭാഗമായി വിദേശത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മദ്യം അനുവദിക്കാന്‍ നടപടി ഉണ്ടാകുമോ എന്ന ചോദ്യം ഇടയ്ക്കിടെ വലിയ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. മദ്യനിരോധനവുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യം പിന്തുടരുന്ന നയം മാറ്റമില്ലാതെ തുടരുമെന്നും പൊതുജനങ്ങള്‍ക്കിടയില്‍ മദ്യ വിതരണം അനുവദിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യം വിളമ്പാതെ തന്നെ ടൂറിസം മേഖലയുടെ വളര്‍ച്ച സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘മദ്യ നയത്തില്‍ ഒരു മാറ്റവുമില്ല. മദ്യം ലഭ്യമല്ലെങ്കിലും മേഖലയുടെ വളര്‍ച്ചയ്ക്ക് രാജ്യത്ത് ധാരാളം ഇടമുണ്ട്’- അദ്ദേഹം പറഞ്ഞു. നിലവിലുള്ള അതേ നയത്തില്‍ തുടര്‍ന്നും വളരുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി തലസ്ഥാനത്ത് നടന്ന രണ്ട് ദിവസത്തെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക യോഗത്തിലാണ് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് ഇക്കാര്യം തുറന്നു പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല