സ്വന്തം ലേഖകൻ: യാത്ര ചെയ്യാനും താമസിക്കാനും ഏറ്റവും ചിലവ് കുറഞ്ഞ യൂറോപ്യന്‍ നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണ്‍. ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കൂട്ടായ്മയായ എ.ബി.ടി.എ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 35 യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നാണ് ലിസ്ബണ്‍ യൂറോപ്പിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസ്, പോളണ്ട് നഗരമായ ക്രാക്കോവ്, ഏതന്‍സ് (ഗ്രീസ്) എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനത്ത്. നഗരത്തിനുള്ളിലെ യാത്രകള്‍, ഒരു ത്രിസ്റ്റാര്‍ ഹോട്ടലിലെ രണ്ട് ദിവസത്തെ താമസം, രണ്ട് വൈനുകള്‍ ഉള്‍പ്പടെയുള്ള ഒരു രാത്രിഭക്ഷണം, എന്നിങ്ങനെയുള്ള ചിലവുകള്‍ വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പോര്‍ച്ചുഗലിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ലിസ്ബണ്‍ ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രിയപ്പെട്ട നഗരമാണ്. സെന്റ് ജോര്‍ജ് കാസ്റ്റില്‍, യുനസ്‌കോയുടെ ലോക പൈതൃകസ്ഥാനങ്ങളിലൊന്നായ ബെലെം ടവര്‍, ജെറോമിനോസ് മൊണാസ്ട്രി, യൂറോപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ അക്വാറിയമുള്ള ലിസ്ബണ്‍ ഓഷ്യനേറിയം, നാല്‍പ്പതിനായിരത്തിലധികം അപൂര്‍വ കലാസൃഷ്ടികളുള്ള പുരാതനകലാ മ്യൂസിയം തുടങ്ങി അത്യപൂര്‍വ കാഴ്ചകളാണ് ഇവിടെയുള്ളത്.
ശാന്തമായ ബീച്ചുകളും വൈവിധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണവും മഹത്തായ സംസ്‌കാരവും ജീവിതരീതിയുമെല്ലാമാണ് ലിസ്ബണ്‍ നഗരത്തിന്റെ മറ്റ് പ്രത്യേകതകള്‍. ലോകചരിത്രത്തില്‍ നിര്‍ണായകമായിരുന്ന നിരവധി ചരിത്ര സ്മാരകങ്ങളും ലിസ്ബണ്‍ യാത്രയെ സമ്പന്നമാക്കും. നഗരത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള ചിലവ് കുറഞ്ഞ പൊതുഗതാഗത സംവിധാനങ്ങള്‍ ലിസ്ബണ്‍ യാത്രയെ കൂടുതല്‍ എളുപ്പമാക്കും. വസന്തകാലത്തും ശരത്കാലത്തുമാണ് ലിസ്ബണില്‍ കൂടുതല്‍ സഞ്ചാരികളെത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല