മനുഷ്യമനസ്സിന്‍െറ നിഗൂഢതകളെക്കുറിച്ച് എഴുതിയ സ്വീഡിഷ് കവി തോമസ് ട്രോണ്‍സ്ട്രോമറിന് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍. 1974ല്‍ എവിന്ദ് ജോണ്‍സണും ഹാരി മാര്‍ട്ടിന്‍സണും പങ്കിട്ടശേഷം സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന സ്വീഡന്‍കാരനാണ് 80കാരനായ ട്രോണ്‍സ്ട്രോമര്‍. ഏകദേശം ഏഴു കോടി രൂപയാണ് (14 ലക്ഷം ഡോളര്‍) സമ്മാനത്തുക.സമീപ ദശകങ്ങളെ ഏറ്റവും സ്വാധീനിച്ച സ്കാന്‍ഡിനേവിയന്‍ കവിയാണ് ട്രോണ്‍സ്ട്രോമര്‍.
‘വലിയ ചോദ്യങ്ങളെക്കുറിച്ചാണ് അദ്ദേഹമെഴുതുന്നത്. മരണത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും സ്മരണകളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമാണ് അദ്ദേഹത്തിന്‍െറ രചനകള്‍’ -അവാര്‍ഡ് പ്രഖ്യാപിച്ച സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി പീറ്റര്‍ എന്‍ഗ്ളണ്ട് പറഞ്ഞു. പക്ഷപാതിത്വം എന്ന ആരോപണമുയരുമെന്നതിനാല്‍ ഏറെ ആലോചിച്ചാണ് ഇദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.ശക്തമായ കല്‍പനകളും ബിംബങ്ങളും നിറഞ്ഞ ട്രോണ്‍സ്ട്രോമറിന്‍െറ കവിതകള്‍ അനുഭവങ്ങളില്‍ കോര്‍ത്തെടുത്തതും പ്രകൃതിയോടും സംഗീതത്തോടുള്ള പ്രണയം സന്നിവേശിപ്പിച്ചതുമാണ്. എന്നാല്‍, അദ്ദേഹത്തിന്‍െറ പില്‍ക്കാല കവിതകള്‍ ജീവിതത്തെയും മരണത്തെയും രോഗങ്ങളെയും കുറിച്ചുള്ള അസ്ഥിത്വ ചോദ്യങ്ങളുയര്‍ത്തുന്നവയാണ്.
മനശ്ശാസ്ത്രജ്ഞനും പിയാനിസ്റ്റും കൂടിയായ ട്രോണ്‍സ്ട്രോമറിന് 1990ലുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ഭാഗികമായി ശരീരം തളര്‍ന്നു. സംസാരശേഷിയും നഷ്ടമായി.എങ്കിലും എഴുത്ത് തുടര്‍ന്ന അദ്ദേഹം 2004ല്‍ ‘ദി ഗ്രേറ്റ് എനിഗ്മ’ എന്ന കവിതാ സമാഹാരം പുറത്തിറക്കി. അതിനുശേഷം കവിതയെഴുത്തില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു.
വിന്‍ഡോസ് ആന്‍ഡ് സ്റ്റോണ്‍സ്, ട്വന്‍റി പോയംസ്, നൈറ്റ് വിഷന്‍, ബാള്‍ട്ടിക്സ്, ഹൗ എദി ലേറ്റ് ഓട്ടം നൈറ്റ് നോവല്‍ ബിഗിന്‍സ്, സെലക്റ്റഡ് പോയംസ്, ദി ഡിലീറ്റഡ് വേള്‍ഡ് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍െറ പ്രധാന കൃതികള്‍. ഗാനരചയിതാവും ഗായകനുമായ ബോബ് സിലാന, സിറിയന്‍ കവി അഡോണിസ് എന്നിവരും സാധ്യതാ പട്ടികയുടെ മുന്‍നിരയിലുണ്ടായിരുന്നു. മലയാളത്തിലെ പ്രശസ്ത കവി സച്ചിദാനന്ദനും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല