സ്വന്തം ലേഖകന്‍: മലയാളികളെ ഞെട്ടിച്ച് ചെല്‍സിയുടേയും ലിവര്‍പൂളിന്റേയും ഓണാശംസകള്‍, അതും മലയാളത്തില്‍. കാല്‍പന്തുകളിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന മലയാളികള്‍ക്കിടയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ രണ്ടും വമ്പന്മാര്‍ക്കും ആരാധകര്‍ ഏറെയാണ്. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും മറ്റൊരു പ്രമുഖ ക്ലബ്ബായ ലിവര്‍പൂളും ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
‘ഓണം ആശംസകള്‍’ എന്ന് മലയാളത്തില്‍തന്നെ ടൈപ്പ് ചെയ്താണ് ലിവര്‍പൂള്‍ ക്ലബിന്റെ ഓണാശംസ. ലിവര്‍പൂള്‍ ക്ലബിലെ എല്ലാവരുടെയും വക ഓണാശംസകള്‍ എന്ന് ഇംഗ്ലീഷിലുമുണ്ട്. എല്ലാ കേരളീയര്‍ക്കും ഓണാശംസകള്‍ നേരുന്നുവെന്നതായിരുന്നു ചെല്‍സിയുടെ പോസ്റ്റ്. ഒപ്പം ഗോള്‍നേട്ടമാഘോഷിക്കുന്ന ടീമംഗങ്ങളുടെ ചിത്രത്തിലും ‘ഹാപ്പി ഓണം’ എന്നെഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്രതീക്ഷിതമായി ഓണാശംസകളുമായെത്തിയ ഇരു ക്ലബുകളെയും ഏറ്റെടുത്തിരിക്കുകയാണ് ഓണ്‍ലൈന്‍ മലയാളികള്‍. ഇരു ക്ലബുകളുടെയും ഓണാശംസകള്‍ക്ക് നൂറുകണക്കിന് മലയാളികളാണ് മറുപടിയുമായി എത്തിയിരിക്കുന്നത്. നിങ്ങളൊരിക്കലും ഒറ്റപ്പെട്ടു പോകാന്‍ സമ്മതിക്കില്ല, ദൈവമേ.. ഹെന്റെ മാവേലി.. നിങ്ങള്‍ ഇന്റര്‍നാഷണല്‍ ലെവല്‍ പോപ്പുലര്‍ ആയി, കുട്ടിമാമാ, ഞങ്ങള് ഞെട്ടിമാമാ, നിങ്ങള്‍ വേറെ ലെവലാണ് ബോയ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല