സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ലിവര്‍പൂളിനെ 2-1നു കീഴടക്കി മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. മത്സരത്തിന്‍റെ രണ്ടാംപകുതിയിലാണു റൂണിയുടെ ഡബിള്‍ സ്ട്രൈക്ക്. 80ാം മിനിറ്റില്‍ ലൂയിസ് സുവാരസ് ലിവര്‍പൂളിന്‍റ ആശ്വാസ ഗോള്‍ കണ്ടെത്തി. ഇതോടെ 25 മത്സരങ്ങളില്‍ നിന്നു യുനൈറ്റഡിന് 58 പോയിന്‍റ്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി (57 പോയിന്‍റ്) തൊട്ടു പിന്നില്‍. ലിവര്‍പൂള്‍ (39 പോയിന്‍റ്) ഏഴാമത്.
കഴിഞ്ഞ മുഖാമുഖത്തില്‍ പാട്രിക് ഇവ്റയെ വംശീയമായി അധിക്ഷേപിച്ച ലൂയിസ് സുവരാസിന്‍റെ മടങ്ങിവരവാണു ഓള്‍ഡ് ട്രാഫോര്‍ഡിലെ മത്സരത്തിന്‍റെ വോള്‍ട്ടെജ് കൂട്ടിയത്. ഇത്തവണ ഇവ്രയുമായി ഹസ്തദാനത്തിനു വിസമ്മതിച്ച സുവാരസ് എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തു. കളിയുടെ തുടക്കത്തില്‍ ലിവര്‍പൂളിനായിരുന്നു മുന്‍തൂക്കം. മിന്നല്‍ നീക്കങ്ങളിലൂടെ ഗ്ലെന്‍ ജോണ്‍സന്‍ മാന്‍യുവിനെ വെല്ലുവിളിച്ചു. റ്യാന്‍ ഗിക്സും പോള്‍ ഷോള്‍സും മൈക്കിള്‍ കാരിക്കുമടങ്ങിയ യുനൈറ്റഡ് മിഡ് ഫീല്‍ഡിനു ലിവര്‍പൂള്‍ അത്ര സ്വാതന്ത്ര്യവും അനുവദിച്ചില്ല.
ഒന്നാം പകുതിയില്‍ പലതവണ സുവാരസും ജോണ്‍സനുമെല്ലാം ഗോളിനടുത്തെത്തിയെങ്കിലും യുനൈറ്റഡ് പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ റൂണി വെടിപൊട്ടിച്ചു. 47ാം മിനിറ്റില്‍ ഗിഗ്സിന്‍റെ കോര്‍ണര്‍ എതിര്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പന്തു പിടിച്ചെടുത്ത റൂണി ക്ലോസ് വോളിയിലൂടെ വലകുലുക്കി. മൂന്നു മിനിറ്റുകള്‍ക്കുശേഷം അന്‍റോണിയ വലന്‍സിയുമായി പന്തു കൈമാറി മുന്നേറിയ റൂണി വീണ്ടും മൂര്‍ച്ചകാട്ടി. 80ാം മിനിറ്റില്‍ സുവാരസ് ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ പ്രതിരോധത്തിലേക്കു വലിഞ്ഞ യുനൈറ്റഡ് വിജയം ഉറപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല