അലക്‌സ് വര്‍ഗീസ് (ലിവര്‍പൂള്‍): ഇന്‍ഡോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതി യുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും കേരളത്തിലെത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകള്‍ ഒന്നു ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ അത്യാധുനിക ടെര്‍മിനല്‍ മൂന്ന് സന്ദര്‍ശിച്ച ശേഷം യാത്ര തുടങ്ങിയ സംഘാഗങ്ങള്‍ നെല്‍വയലുകളും, തെങ്ങിന്‍ തോപ്പുകളും, റബ്ബര്‍ തോട്ടങ്ങളും, വേമ്പനാട് കായലും, മൂന്നാര്‍ മലനിരകളുടെ വശ്യഭംഗിയും ആസ്വദിച്ച് ഒരേസ്വരത്തില്‍ പറഞ്ഞു.. കേരളത്തില്‍ ജനിച്ചവര്‍ എത്ര ഭാഗ്യമുള്ളവര്‍, ഇത്രയും പ്രകൃതി രമണീയമായ മറ്റൊരു സ്ഥലവും ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല.
തുടര്‍ച്ചയായി ഒന്‍പതാമത്തെ വര്‍ഷമാണ് ലിവര്‍പൂളില്‍ നിന്നുള്ള പഠനസംഘം കേരളത്തിലെത്തുന്നത്. ഇന്നലെ ഭരണസിരാകേന്ദ്ര നഗരിയിലെത്തിയ സംഘാഗങ്ങളെ കേരള സര്‍ക്കാരിനു വേണ്ടി ടൂറിസം വകുപ്പു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യോഗിക വസതിയായ തൈക്കാട് ഹൗസില്‍ സ്വീകരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ കൗതുകത്തോടെയുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ആധികാരികമായിത്തന്നെ മറുപടി പറഞ്ഞു.
കേരളം ലോകത്തിലെ തന്നെ എട്ടാമത്തെ മികച്ച ടൂറിസ്റ്റ് മേഖലയായി പ്രഖ്യാപനം വന്നതില്‍ പ്രവാസി മലയാളികള്‍ക്ക് ഏറെ പങ്കുണ്ടെന്നും അഭിമാനിയ്ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. KTDC യുടെ അംഗീകൃത എജന്റായി ടൂറിസം മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിയ്ക്കുന്ന ആഷില്‍ സിറ്റി ടൂര്‍സ് ആന്റ് ട്രാവവല്‍സ് ഇന്ത്യയിലും യു കെ അടക്കമുള്ള വിദേശ രാജ്യങ്ങളിലും ചെയ്യുന്ന സേവനങ്ങളെ പ്രശംസിക്കാനും മന്ത്രി മറന്നില്ല.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സകൂളിന്റെ കേരളത്തിലെ ആദ്യത്തെ പാര്‍ട്ടണര്‍ സ്‌കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍, മാന്നാനം കെ ഇ ഹൈസ്‌കൂള്‍, ഏറ്റുമാനൂര്‍ സാന്‍ജോസ് വിദ്യാലയം, മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പഠനസംഘം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തും.
തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന സംഘാഗങ്ങള്‍ മടക്കയാത്രയില്‍ അറേബ്യന്‍ സംസ്‌കാരം നേരില്‍ക്കാണുന്നതിനായി രണ്ടു ദിവസം ദുബായില്‍ പര്യടനം നടത്തി മാര്‍ച്ച് മാസം ആദ്യവാരത്തോടെ ലിവര്‍പൂളില്‍ തിരികെയെത്തും.
കഴിഞ്ഞ ഒന്‍പതു വര്‍ഷവും ഏറ്റവും മികവുറ്റ രീതിയില്‍ സുരക്ഷിതമായി ഈ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്ത്യന്‍ കമ്യൂണിറ്റി കമ്മറ്റി മെമ്പറും സംഘടനാ പ്രവര്‍ത്തകനുമായ തോമസ് ജോണ്‍ വാരികാടിനും, ആഷിന്‍ സിറ്റി ടൂര്‍സ് ആന്റ് ട്രാവല്‍സ് മനേജിങ്ങ് ഡയറക്ടര്‍ ജിജോ മാധവപ്പള്ളിയ്ക്കും സ്‌കൂള്‍ ഡയറക്ടര്‍ ക്രിസ്‌ഫോസ്, ഹെഡ്ടീച്ചര്‍ സാലി ബീവേഴ്‌സ് എന്നിവര്‍ അഭിനന്ദനമറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല