സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ ക്ലബിന്റെ ബൂട്ടുകെട്ടാന്‍ ആദ്യ ഇന്ത്യന്‍ വംശജന്‍, യാന്‍ ധന്‍ഡ പന്തുതട്ടുന്നത് ചരിത്രത്തിലേക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന പേരിന് അര്‍ഹനായിരിക്കുകയാണ് യാന്‍ ധന്‍ഡ. ഇംഗ്ലണ്ടിന്റെ യൂത്ത് ലീഗില്‍ കളിച്ചിരിക്കുന്ന ധന്‍ഡ ഒന്നാം ഡിവിഷന്‍ ടീമായ ലിവര്‍പൂളുമായി രണ്ടര വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല.
ജൂനിയര്‍ തലത്തിലെ മിന്നുന്ന പ്രകടനമാണ് അറ്റാക്കിങ് മിഡ് ഫീല്‍ഡറായ ധന്‍ഡയെ ലിവര്‍പൂളിലെത്തിച്ചത്. ഇംഗ്ലണ്ടിന്റെ അണ്ടര്‍16, അണ്ടര്‍17 ടീമുകളില്‍ ധന്‍ഡ കളിച്ചിട്ടുണ്ട്. മാത്രമല്ല, 2013ല്‍ ഇംഗ്ലണ്ടിലെ വളര്‍ന്നു വരുന്ന ഏറ്റവും മികച്ച ഏഷ്യന്‍ താരത്തിനുള്ള അവാര്‍ഡും ഈ യുവതാരം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ലിവര്‍പൂള്‍ അക്കാദമിയില്‍ സീനിയര്‍ ടീമിനൊപ്പം പരിശീലനത്തിനും അര്‍ഹത നേടി.
നേരത്തെ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയണിനുവേണ്ടി കളിച്ചിട്ടുണ്ട്. ഒരു വര്‍ഷമായി ലിവര്‍പൂളിനൊപ്പമുള്ള പരിശീലനത്തില്‍ തൃപ്തനായാണ് ധന്‍ഡയെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ക്ലബ്ബ് മാനേജ്‌മെന്റി തീരുമാനിച്ചത്. രണ്ടാം ഡിവിഷന്‍ ടീമുകള്‍ ഡന്‍ഡയ്ക്ക് പിന്നാലെ ഓഫറുകളുമായി എത്തിയിരുന്നെങ്കില്‍ ലിവര്‍പൂളില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ലിവര്‍പൂളില്‍ ഒമ്പതാം നമ്പറിലാണ് കളിക്കാനിറങ്ങുകയെന്ന് ധന്‍ഡ സൂചന നല്‍കി. ഇടതുവിങ്ങിലോ വലതുവിങ്ങിലോ കളിക്കും. ഗോളടിക്കാനും ഗോളടിപ്പിക്കാനും താന്‍ ഒരുപോലെ ഇഷ്ടപ്പെടുന്നെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പതിനേഴുകാരന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല