1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2012

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ദമ്പതികള്‍ക്കും വിവാഹിതരുടെ അതേ അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടന്ന് യുകെ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിയായ ബാരോനസ്സ് ഹെയ്ല്‍. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും വിവാഹിതരാകാതെ ഒരുമിച്ച് കഴിയുന്ന ദമ്പതികള്‍ക്ക് സ്‌കോട്ട്‌ലാന്‍ഡിലെ പോലെ നിയമസംരക്ഷണം നല്‍കണമെന്നാണ് ബാരോനെസ് ഹെയ്‌ലിന്റെ ആവശ്യം. വിവാഹിതരല്ലാത്ത ദമ്പതികളുടെ ദാമ്പത്യം തകരുമ്പോള്‍ പങ്കാളിക്ക് നിയമസംരക്ഷണം ഉറപ്പാക്കുന്നതാണ് സ്‌കോട്ട്‌ലാന്‍ഡിലെ നിയമം.

2006ലെ ഫാമിലി ലോ (സ്‌കോട്ട്‌ലാന്‍ഡ്)യിലെ സെക്ഷന്‍ എട്ട് പ്രകാരമാണ് സ്‌കോട്ട്‌ലാന്‍ഡില്‍ ജീവിക്കുന്ന നിയമപരമായി വിവാഹിതരല്ലാത്ത ദമ്പതികള്‍ക്ക് ദാമ്പത്യം തകരുമ്പോള്‍ നഷ്ടപരിഹാരത്തിനുളള അവകാശം ഉറപ്പാ്ക്കുന്നത്. ഇത്തരമൊരു നിയമം നടപ്പാക്കാന്‍ എളുപ്പമുളളതും മികച്ചുതുമാണന്ന് ബാരോനസ്സ് ഹെയ്ല്‍ അഭിപ്രായപ്പെട്ടു. ഇത് നിയമപരമല്ലാത്ത വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല എന്നാല്‍ ബന്ധം തകരുമ്പോഴുണ്ടാകുന്ന നഷ്ടവും ലാഭവും ഒരു പോലെ ഇരുവരേയും ബാധിക്കുമെന്ന് ഓര്‍മ്മിപ്പിക്കാനാണ്.ലോ കമ്മീഷന്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും ഭരണാധികാരികള്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും മന്ത്രിമാര്‍ അത്തരമൊരു നീക്കം മനപൂര്‍വ്വം വൈകിക്കുകയാണന്നും ബാരോനസ്സ് ഹെയ്ല്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയ്ക്ക് വിവാഹിതരല്ലാതെ ഒരുമിച്ച് താമസിക്കുന്ന ദമ്പതികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി. ഇംഗ്ലീഷ് നിയമത്തില്‍ കാതലായ പൊളിച്ചെഴുത്തിന് സമയമായി എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഹെയ്ല്‍ വ്യക്തമാക്കി. സ്‌കോട്ടിഷ് നിയമം അനുസരിച്ച് ദാമ്പത്യം തകര്‍ന്നാലും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന പങ്കാളിക്ക് മറ്റേയാളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്. ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും നിയമത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് യുകെയിലെ നിയമസ്ഥാപനമായ ലെസ്റ്റര്‍ ആള്‍ഡ്രിഡ്ജിന്റെ പാര്‍ട്ണര്‍ ജോണ്‍ റാന്‍ഡില്‍ പറഞ്ഞു. ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് വിവാഹം എന്ന സമ്പ്രദായത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുമെന്ന ഭയം വേണ്ടന്നും രാജ്യത്തെ നിയമവ്യവസ്ഥയെ കാലാതിവര്‍ത്തിയായി ഉയര്‍ത്തിപിടിക്കാന്‍ ഇത്തരം ഭേദഗതികള്‍ സഹായിക്കുമെന്നും ഹെയ്ല്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.