സ്വന്തം ലേഖകൻ: ലണ്ടന്‍ ലിവിങ് വേജില്‍ 5.3 ശതമാനം വര്‍ധന വരുത്താന്‍ തീരുമാനം. ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന 140,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റിയായ ലിവിങ് വേജ് ഫൗണ്ടേഷന്റെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന സ്പെഷല്‍ ലണ്ടന്‍ വേജ്, നഗരത്തിലെ പ്രധാനപ്പെട്ട 3500 സ്ഥാപനങ്ങളാണ് നടപ്പിലാക്കുന്നത്.
നഗരത്തിലെ വര്‍ധിച്ച ജീവിതച്ചെലവ് കണക്കിലെടുത്താണ് ഇവിടെ മിനിമം വേതനത്തില്‍ ദേശീയ നിരക്കില്‍ നിന്നും വര്‍ധന വരുത്താന്‍ ഈ സ്ഥാപനങ്ങള്‍ തയാറായത്. സ്ഥാപനങ്ങള്‍ സ്വയം മുന്നോട്ടു വന്നു നടപ്പാക്കിയ ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലിവിങ് വേജ് ഫൗണ്ടേഷനാണ്.
രാജ്യത്താകെ മിനിമം വേതനം മണിക്കൂറിന് 11.44 പൗണ്ടാണ്. ഈ സാഹചര്യത്തിലാണ് നിലവിലുണ്ടായിരുന്ന ലണ്ടനിലെ വേതനത്തില്‍ (13.15പൗണ്ട്) 70 പെന്‍സിന്റെ വര്‍ധന വരുത്തി 13.85പൗണ്ടാക്കാന്‍ ഫൌണ്ടേഷന്‍ നിര്‍ദേശം വച്ചത്. ഇത് സ്ഥാപനങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
പുതിയ വേതന നിരക്ക് അനുസരിച്ച് രാജ്യത്ത് മറ്റ് സ്ഥലങ്ങളില്‍ മുഴുവന്‍ സമയം ജോലി ചെയ്യുന്ന ഒരാളെക്കാള്‍ പ്രതിവര്‍ഷം 4700പൗണ്ട് ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് അധികമായി ലഭിക്കും. ഇതൊക്കെയായാലും ലണ്ടനിലെ ഉയര്‍ന്ന വീട്ടുവാടകയും ജീവിതച്ചെലവും കഴിഞ്ഞു ഭൂരിഭാഗം ജോലിക്കാര്‍ക്കും മിച്ചം പിടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല