സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയും ബ്രിട്ടണിലെ രാഷ്ട്രീയാനിശ്ചിതത്വങ്ങളും ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവില്‍വരാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനെ ബാധിക്കുമോയെന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ബ്രിട്ടനിലെ രാഷ്ട്രിയ സംഭവവികാസങ്ങള്‍ എപ്രകാരം മാറിമറിയുന്നുവെന്നതിനെ ആശ്രയിച്ചാകും തുടര്‍നടപടികളെന്നും ഇന്ത്യ കാത്തിരിക്കുകയാണെന്നും കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ പ്രതികരിച്ചു.
ട്രസിന്റെ പിന്‍ഗാമി അടുത്തയാഴ്ചയോടെ സ്ഥാനമേല്‍ക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്. ഇക്കാര്യം ഇന്ത്യ സസൂക്ഷ്മം വീക്ഷിച്ചുവരികയാണെന്നും ഗോയല്‍ പറഞ്ഞു. പുതിയ നേതൃത്വം സ്വതന്ത്ര വ്യാപാര കരാറില്‍ എന്ത് നയം സ്വീകരിക്കുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് അറിയാനുള്ളത്.
ട്രസിന് പകരം മറ്റൊരാള്‍ പ്രധാനമന്ത്രിയാകുമോ, അതോ പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുമോ എന്നതിനെ ആശ്രയിച്ചാകും വ്യാപാര കരാറിന്റെ ഭാവി. ആരാണ് അധികാരത്തിലെത്തുന്നതെന്നും അവരുടെ ഈ വിഷയത്തിലെ താത്പര്യവും നയവും എന്താണെന്നും അറിയേണ്ടതുണ്ട്. അതിനായി ഇന്ത്യ ക്ഷമയോടെ കാത്തിരിക്കുകയാണ്- ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബ്രിട്ടനിലെ രാഷ്ട്രീയ, വ്യവസായ നേതൃത്വങ്ങളെ സംബന്ധിച്ച് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ആര് ഭരണത്തിലെത്തിയാലും പ്രതികൂലമായി ഒരു നിലപാട് ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. ആര് അധികാരത്തില്‍ വന്നാലും വ്യാപാര കരാറില്‍ ഏര്‍പ്പെടാനാണ് സാധ്യതയെന്നാണ് വ്യക്തിപരമായി താന്‍ മനസ്സിലാക്കുന്നതെന്നും ഗോയല്‍ പറഞ്ഞു. രണ്ട് രാജ്യങ്ങളെ സംബന്ധിച്ചും നേട്ടങ്ങളുള്ളതിനാല്‍ വ്യവസ്ഥകളില്‍ തൃപ്തരാകുകയെന്നത് മാത്രമാണ് ഒരേയൊരു കടമ്പയെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല