ഇടപാടുകാരെ പിഴിയുന്നതിന് വന്‍ കിട ബാങ്കുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുകകള്‍ കമ്മീഷനും ബോണസുമായി നല്‍കുന്നതായി റിപ്പോര്‍ട്ട്. ബാങ്കിലെത്തുന്ന ഇടപാടുകാരെ കൊണ്ട് വന്‍ തുക പ്രീമിയമായി നല്‍കേണ്ടുന്ന ഇന്‍ഷ്വറന്‍സ് പോളിസികളും മറ്റും എടുപ്പിക്കുന്നവര്‍ക്കാണ് കമ്മീഷനും ബോണസും നല്‍കുന്നത്. ലോയ്ഡ്‌സ് ബാങ്കിലെ നാല്പത് ശതമാനത്തോളം ഉദ്യോഗസ്ഥരും ശമ്പളത്തിന് പുറമേ ഇത്തരത്തില്‍ വന്‍തുക കൈപ്പറ്റുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റി റെഗുലേറ്റര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടികളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
പല ബാങ്കുകളും ഇടപാടുകാരെ തങ്ങളുടെ സെയില്‍സ് ടാര്‍ജറ്റായി മാത്രമാണ് കാണുന്നതെന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വളരെ പെട്ടന്ന് വിറ്റഴിക്കാനുളള മാര്‍ഗ്ഗമായിട്ടാണ് ഇടപാടുകാരെ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടികള്‍ ബാങ്കുകള്‍ക്ക് നേരിടേണ്ടി വരുമെന്നും ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റി റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ ഇന്‍സെന്റീവ് പേയ്‌മെന്റുകളെ കുറിച്ചുളള പുതിയ റിപ്പോര്‍ട്ട് വിവാദത്തില്‍ മുങ്ങി കുളിച്ച് നില്‍ക്കുന്ന ബ്രിട്ടന്റെ സാമ്പത്തിക രംഗത്തിന് മറ്റൊരു നാണക്കേടായി.
ബാങ്കിലെത്തുന്ന ഇടപാടുകാരെ അനധികൃതമായി പിഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബാങ്കിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ക്രൈംഡിവിഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. ലോയ്ഡ്ബാങ്കാണ് ഇതെന്നാണ് രഹസ്യകേന്ദ്രങ്ങളില്‍ നിന്നുളള വിവരം. ലോയ്ഡ്‌സ് ബാങ്കിന്റെ നാല്പത്തിയൊന്ന് ശതമാനം ഓഹരികളും ഗവണ്‍മെന്റിന്റെ പക്കലാണ്. സെയില്‍സ് ടാര്‍ജറ്റ് നേടിയെടുക്കാനായി സ്വന്തം കുടുംബത്തിലെ അംഗങ്ങള്‍ക്ക് വരെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സെയില്‍സ്മാന്‍മാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില ബാങ്കുകള്‍ ടെയില്‍സ് ടാര്‍ജറ്റ് നേടുന്ന ആദ്യത്തെ 21 ഉദ്യോഗസ്ഥര്‍ക്ക് 10,000 പൗണ്ട് വരെ ബോണസ് നല്‍കാറുണ്ട്. ചില സ്ഥാപനങ്ങളാകട്ടെ സെയില്‍സ്മാന്‍മാര്‍ക്ക് ശമ്പളം നല്‍കാറില്ല. പകരം വില്‍ക്കുന്നതിന് അനുസരിച്ച് കമ്മീഷന്‍ നല്‍കുകയാണ് ചെയ്യുന്നത്.
അടുത്ത കാലം വരെ ഇടപാടുകാരെ സേവിക്കുക എന്നതായിരുന്നു സാമ്പത്തിക സ്ഥാപനങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇന്ന് അത് ഇടപാടുകാരെ പിഴിയുക എന്നതായി മാറിയിരിക്കുന്നുവെന്ന് എഫ്എസ്എയുടെ മേധാവി മാര്‍ട്ടിന്‍ വിറ്റ്‌ലേ പറയുന്നു. അടുത്ത 12 -18 മാസങ്ങള്‍ക്കുളളില്‍ ഇത്തരം നടപടികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും അല്ലാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് മേല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കുന്നത് തുടരാം. പക്ഷേ അത് ഇടപാടുകാരെ പിഴിഞ്ഞുകൊണ്ട് ആകരുത്. എന്നാല്‍ ഇതിന് സമയമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല ഉദ്യോഗസ്ഥരും ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഇവ വില്‍ക്കുന്നത്. ഇതില്‍ പലതും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല സ്ഥാപനങ്ങളും ഇത്തരത്തില്‍ സെയില്‍സ്മാന് നല്‍കാനുളള കമ്മീഷന്‍ കൂടി ഇടപാടുകാരില്‍ നിന്ന ഈടാക്കുന്നതായി കാണാം. 2010 സെപ്റ്റംബറിനും 2011 സെപ്റ്റംബറിനും ഇടയില്‍ 22 സ്ഥാപനങ്ങളാണ് എഫ്എസ്എയുടെ അന്വേഷണ പരിധിയില്‍ വന്നത്. ഇതില്‍ 20 സ്ഥാപനങ്ങളും ഇടപാടുകാരില്‍ നിന്ന് അമിത തുക ഈടാക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടും എഫ്എസ്എ നടപടികള്‍ സ്വീകരിക്കാന്‍ താമസിച്ചതാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കണ്‍സ്യൂമര്‍ പാനല്‍ കുറ്റപ്പെടുത്തി. അടുത്ത വര്‍ഷം ആദ്യത്തോടെ ഉദ്യോഗസ്ഥരുടെ ഇന്‍സെന്റീവ് സ്‌കീമില്‍ കാതലായ മാറ്റം വരുത്തുമെന്ന് ലോയ്ഡ്‌സ് ബാങ്ക് അധികൃതര്‍ അറിയിച്ചു. ലോയ്ഡ്‌സ് ബാങ്കിന്റെ ഒരു ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥരില്‍ നാല്പതിനായിരം പേരും ഇന്‍സെന്റീവിന് അര്‍ഹതയുളളവരാണന്ന് ബാങ്ക് സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല