കേരളത്തില്‍ വ്യാപകമായ രീതിയില്‍ മതം മാറ്റിയുള്ള വിവാഹം നടക്കുന്നുണ്ടെന്നതിന്റെ തെളിവിലേക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എത്തിയ കേസ് വിരല്‍ ചൂണ്ടുന്നത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ മതം മാറ്റാന്‍ നീക്കമെന്ന പിതാവിന്റെ പരാതി ചൊവ്വാഴ്ച പരിഗണിച്ച ഹൈക്കോടതിയുടെ നടപടിക്കിടയിലാണ് 30 അന്യമതസ്ഥരായ പെണ്‍കുട്ടികള്‍ മലപ്പുറത്തെ മതപാഠശാലയില്‍ ഉള്ളതായി വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. കാമുകനൊപ്പം പോയ പെണ്‍കുട്ടിയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.
ഈ പെണ്‍കുട്ടിയെ വനിതാപൊലീസിന്റെ സംരക്ഷണത്തോടെ പ്രത്യേക ഹോസ്റ്റലിലാക്കാനും മാതാപിതാക്കള്‍ അല്ലാതെ മറ്റാരെയും സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പാരലല്‍ കോളെജ് വിദ്യാര്‍ത്ഥിനിയായ മകള്‍ എന്‍ ഡി എഫ് പ്രവര്‍ത്തകന്റെ അന്യായ കസ്റ്റഡിയിലാണെന്ന പരാതിയുമായാണ് തിരൂര്‍ സ്വദേശി ബാലസുബ്രഹ്മണ്യന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. മഞ്ചേരിയിലും പരിസരങ്ങളിലും നിന്നായി 42 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ടെന്നും പരാതിക്കാരന്‍ കോടതിയില്‍ ആരോപിച്ചിട്ടുണ്ട്.
മകളെ കാണാനില്ലെന്ന് പരാതിപ്പെട്ട് കോഴിക്കോട് മാവൂര്‍ സ്വദേശിയായ ഉണ്ണിക്കൃഷ്ണനും കോടതിയെ സമീപിച്ചിരുന്നു. ഈ പരാതി പരിഗണിച്ച കോടതി പെണ്‍കുട്ടിയെ കണ്ടെത്താന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുമ്പ് കാണാതായ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേസ പ്രകാരം മാതാപിതാക്കളോടൊപ്പം വിട്ടിരുന്നു. വീണ്ടും പെണ്‍കുട്ടിയെ കാണാതായതോടെയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
കുറച്ചുകാലം മുമ്പ് മതം മാറിയുള്ള വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് കേരളാ പൊലീസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ലൗ ജിഹാദ് വിവാദം കത്തിപ്പടരുകയുണ്ടായി. സംഭവത്തില്‍ കഴമ്പുണ്ടായിരുന്നെങ്കിലും ഹിന്ദു-മുസ്ലീം വര്‍ഗീയസംഘടനകള്‍ ഇതേറ്റെടുത്ത് ലൗ ജിഹാദ് വിവാദത്തെ പരമാവധി കൊഴുപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാരും പൊലീസും അതില്‍ നിന്ന് തലയൂരി തടി രക്ഷിക്കുകയായിരുന്നു.
അടുത്തിടെ പെണ്‍കുട്ടികള്‍ അന്യമതസ്ഥരായ യുവാക്കളോടൊത്ത് ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചതോടെയാണ് ലൗജിഹാദ് വീണ്ടും തലപൊക്കിയിരിക്കുന്നത്. പ്രണയിതാക്കള്‍ രണ്ട് മതത്തില്‍പ്പെട്ടവരാകുമ്പോള്‍ ഇവര്‍ തമ്മിലുള്ള വിവാഹം കോലാഹലങ്ങള്‍ക്ക് വഴി വയ്ക്കുക സ്വഭാവികമാണ്. മിക്കവാറും സംഭവങ്ങളില്‍ കാമുകന്റെ മതം സ്വീകരിക്കാന്‍ കാമുകി നിര്‍ബന്ധിതയാവുകയും ചെയ്യും. ഇരുവരും അവരവരുടെ മതവിശ്വാസം തുടര്‍ന്നുകൊണ്ട് വിവാഹിതരാകുന്ന സംഭവങ്ങളും ധാരാളമായുണ്ട്. മുസ്ലീം സമുദായത്തില്‍പ്പെട്ട യുവാക്കള്‍ അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്യുമ്പോള്‍ ഭൂരിപക്ഷം പേരും പെണ്‍കുട്ടികളെ അവരുടെ മതത്തിലേക്ക് മാറ്റുക സ്വഭാവികമാണ്. മതപരമായും സാമുദായികമായും ഉള്ള എതിര്‍പ്പുകള്‍ ഇല്ലാതാക്കുന്നതില്‍ ഈ മതം മാറ്റം ഉപകരിക്കുകയും ചെയ്യും.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതായുള്ള ചില കേസുകള്‍ കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് ഒളിച്ചോടിയ പെണ്‍കുട്ടികളിലൊരാള്‍ 30 ഓളം പെണ്‍കുട്ടികള്‍ മതം മാറ്റത്തിനായി മഞ്ചേരിയില്‍ സത്യസരണി റിലിജിയസ് എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉണ്ടെന്നും വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ കാമുകരോടൊത്ത് ഒളിച്ചോടിയ പെണ്‍കുട്ടികളെ കാണാതായെന്നുള്ള പരസ്യങ്ങളും വാര്‍ത്തകളും അടുത്തിടെ ദിനപത്രങ്ങളില്‍ വന്നിരുന്നു. ഒളിച്ചോട്ടക്കേസുകള്‍ കോടതിയില്‍ എത്തിയാല്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ അവരുടെ ഇഷ്ടത്തിനാണ് നിയമത്തിന്റെ സംരക്ഷണവും ആനുകൂല്യവുമുള്ളത്. അപൂര്‍വ്വമായി ചിലര്‍ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോകാന്‍ സന്നദ്ധത കാട്ടാറുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല