സ്വന്തം ലേഖകന്‍: ഇനി ലോക്കല്‍ കാള്‍ നിരക്കില്‍ ഐഎസ്ഡി വിളിക്കാം, പുതിയ മൊബൈല്‍ ആപ്പുകായി ബിഎസ്എന്‍എല്‍. ബി.എസ്.എന്‍.എല്‍ പുതുതായി പുറത്തിറക്കുന്ന ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ മൊബൈല്‍ ഫോണില്‍ ലാന്‍ഡ് ലൈന്‍ ഉപയോഗിക്കാം. ഏപ്രില്‍ രണ്ടു മുതല്‍ ഈ ആപ്പിന്റെ സേവനം ലഭ്യമാകും.
ഈ സൗകര്യം ഉപയോഗിക്കുന്നതിന് മാസവാടക പോലെ നിശ്ചിത നിരക്ക് ഉണ്ടെങ്കിലും കാള്‍നിരക്കുകളെ അത് ബാധിക്കില്ല. ഫിക്‌സഡ് മൊബൈല്‍ ടെലിഫോണ്‍ സര്‍വിസ് (എഫ്.എം.ടി) എന്ന ഈ സംവിധാനത്തിലൂടെ ലോക്കല്‍ കാള്‍ നിരക്കില്‍ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഐ.എസ്.ഡി കാള്‍ ചെയ്യാനാകും.
മൊബൈല്‍ ഫോണുകള്‍ വ്യാപകമായതോടെ ഉപേക്ഷിച്ച ലാന്‍ഡ് ലൈനുകള്‍ക്ക് വീണ്ടും പ്രിയമേറാന്‍ എഫ്.എം.ടി കാരണമാകുമെന്ന് കരുതുന്നതായി ബി.എസ്.എന്‍.എല്‍ ചീഫ് മാനേജിങ് ഡയറക്ടര്‍ അനുപമ ശ്രീവാസ്തവ വ്യക്തമാക്കി. നിരവധി പുതിയ സംവിധാനങ്ങള്‍ ബി.എസ്.എന്‍.എല്‍ ആവിഷ്‌കരിക്കുന്നതായും ശ്രീവാസ്തവ അറിയിച്ചു.
ഇതോടൊപ്പം ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ലാന്‍ഡ് ലൈനിലൂടെ മൊബൈല്‍ കാളുകള്‍ ചെയ്യാനും കഴിയും. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. നെറ്റ്‌വര്‍ക്ക് നിരക്കുകള്‍ മാത്രമേ ഇതിനും ഉണ്ടാവുകയുള്ളു. ലാന്‍ഡ് ലൈന്‍ ഉപയോഗിക്കുമ്പോള്‍ അതേ നിരക്കും മൊബൈല്‍ ഫോണ്‍ ആകുമ്പോള്‍ അതിന്റെ നിരക്കുമായിരിക്കും ഈടാക്കുക.
ലാന്‍ഡ് ലൈന്‍ വഴി എസ്.എം.എസ് അയക്കാനും സ്വീകരിക്കാനും കഴിയുന്ന സംവിധാനവും വൈകാതെ ഏര്‍പ്പെടുത്തും. ഒരേസമയം നാല് ഉപകരണങ്ങളില്‍ കണക്ഷന്‍ ലഭ്യമാക്കുന്ന പ്രത്യേക സംവിധാനവും ബി.എസ്.എന്‍.എല്ലില്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍വന്നു. ലാന്‍ഡ് ലൈനുകളില്‍ പ്രീ പെയ്ഡ് സംവിധാനവും ഇതോടൊപ്പം നിലവില്‍ വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല