സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പകച്ച് ബ്രിട്ടനിലെ പ്രമുഖ പാര്‍ട്ടികള്‍; ബ്രെക്സിറ്റ് പ്രതിസന്ധിയില്‍ ബ്രിട്ടീഷുകാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് കക്ഷിക്കും ലേബറിനും തിരിച്ചടി. ബ്രെക്സിറ്റ് പ്രശ്നത്തില്‍ രോഷാകുലരായ വോട്ടര്‍മാര്‍ പല ബാലറ്റുകളും അസാധുവാക്കി.
248 കൗണ്‍സിലുകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇതുവരെ 35 കൗണ്‍സിലും 800 സീറ്റും കിട്ടി. ലേബറിന് 100 സീറ്റു കിട്ടി. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 400 സീറ്റുണ്ട്. ഗ്രീന്‍സും സ്വതന്ത്രരും നേട്ടമുണ്ടാക്കി. മുഴുവന്‍ ഫലവും അറിവായിട്ടില്ല. അതേസമയം, 250 കൗണ്‍സിലുകളിലേക്കുള്ള 8400 ല്‍ പരം സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രെക്സിറ്റിനെ എതിര്‍ക്കുന്ന ചെറുകക്ഷികളായ ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍ പാര്‍ട്ടികള്‍ക്കു വന്‍നേട്ടം ഉണ്ടായി. ബ്രെക്സിറ്റിനെ അനുകൂലിച്ച യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കും തിരിച്ചടിയുണ്ടായി.
ബ്രെക്സിറ്റ് തീരുമാനമാകാതെ നീട്ടിക്കൊണ്ടുപോകുന്നതിനെ ജനം എതിര്‍ക്കുന്നുവെന്നതാണ് ഫലം സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേ അഭിപ്രായപ്പെട്ടു. ജനം തങ്ങളെ കൈവിട്ടത് ബ്രെക്സിറ്റ് അനുകൂലനയം കാരണമാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് സമ്മതിച്ചു. തങ്ങള്‍ക്ക് കിട്ടിയ ഓരോ വോട്ടും ബ്രെക്സിറ്റിനെതിരെയുള്ളതാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല