സ്വന്തം ലേഖകൻ: ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്. ഒക്ടോബര്‍ 19 മുതല്‍ 22 വരെ സൗദി അറേബ്യയില്‍ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശയാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കി. സമ്മേളനത്തിനായി കഴിഞ്ഞമാസം രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ലോകകേരളസഭ സംഘടിപ്പിക്കുന്നതിനെതിരേ വലിയ വിമര്‍ശനം നേരിടുന്നുണ്ട്.
വിദേശത്തുവെച്ച് രണ്ട് മേഖലാ സമ്മേളനങ്ങള്‍ നടത്താന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ ലോക കേരളസഭാ സമ്മേളനം ന്യൂയോര്‍ക്കില്‍ നടന്നിരുന്നു. രണ്ടാമത്തേതാണ് സൗദിയില്‍ നടക്കാന്‍ പോകുന്നത്. അതോടൊപ്പംതന്നെ കേരളത്തില്‍വെച്ച് പ്രധാന സമ്മേളനവും നടക്കുന്നുണ്ട്.
പരസ്യപ്രചാരണം, ലോകകേരള സഭയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിദഗ്ധരെ കണ്ടെത്താന്‍വേണ്ടിയുള്ള ചെലവ്, ഭക്ഷണം, മറ്റു രീതിയിലുള്ള ചെലവുകള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് രണ്ടരക്കോടി രൂപ അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ലോകകേരളസഭയുമായുള്ള ആശയങ്ങള്‍, പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍ എന്നിവയെല്ലാം ചിന്തിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുംവേണ്ടി മേഖലാ സമ്മേളനങ്ങള്‍ കൃത്യമായി നടക്കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അതുകൊണ്ടുതന്നെ സാമ്പത്തികപ്രതിസന്ധി ഉണ്ടെങ്കില്‍പ്പോലും ലോകകേരളസഭയ്ക്കുവേണ്ടി ധനവകുപ്പ് പണം മാറ്റിവയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല