സ്വന്തം ലേഖകൻ: ലോകകേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയിൽ വിമർശനവുമായി പ്രതിനിധികൾ. അനാവശ്യ കാര്യങ്ങൾ പറഞാണ് പ്രതിപക്ഷം സഭയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവർക്ക് ഭക്ഷണം തരുന്നതാണോ ധൂർത്തെന്നും ലോക കേരള സഭ വേദിയിൽ യൂസഫലി ചോദിച്ചു. അനാരോഗ്യം കാരണം മുഖ്യമന്ത്രി പ്രതിനിധി സമ്മേളനത്തിന് എത്തിയില്ല.
മൂന്നാം ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടു നിന്നതിനെതിരെ വലിയ വിമർശനമാണ് പ്രതിനിധി സമ്മേളനത്തിൽ ഉയർന്നത്. ഭക്ഷണം തരുന്നത് ധൂർത്താണെന്ന് പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നുവെന്ന് യൂസഫലി പറഞ്ഞു. ധൂർത്ത് എന്ന് പറഞ്ഞ് പ്രതിപക്ഷം വിട്ടുനിന്നതിനെ സ്പീക്കർ എം ബി രാജേഷും പരോക്ഷമായി വിമർശിച്ചു. പ്രവാസികളിൽ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്നമാണെന്ന് സ്പീക്കർ പറഞ്ഞു.
അനാരോഗ്യം കാരണം മുഖ്യമന്ത്രി പ്രതിനിധി സമ്മേളനത്തിന് എത്തിയില്ല. മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി രാജീവ് വായിച്ചു. സമഗ്രമായ കുടിയേറ്റ നിയമം വേണമെന്ന് മുഖ്യമന്ത്രി സന്ദേശത്തിലൂടെ അറിയിച്ചു. 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമായി 351 പ്രതിനിധികളാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്. ഏഴു വിഷയങ്ങളിൽ അധിഷ്ഠിത ചർച്ചകളാണ് ഇന്നും നാളെയുമായി നടക്കുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് ക്ഷേമപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ പറഞ്ഞു.
യുക്രൈൻ–റഷ്യ യുദ്ധം ഉണ്ടായപ്പോൾ സുരക്ഷിതമായി ജനങ്ങളെ നാട്ടിലെത്തിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരിനെ സഹായിച്ച പ്രവാസികൾക്ക് നന്ദി. സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തിനു മികച്ച നേട്ടം സ്വന്തമാക്കാനായി. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ അഫോർഡബിൾ ടാലെന്റ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തി. ലോകകേരള സഭ ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും സ്വാഗതവും ആശംസയും അറിയിക്കുന്നതായും മലയാളത്തിൽ സ്പീക്കർ പറഞ്ഞു.
ലോകകേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. 18ന് ലോകകേരള സഭ സമാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല