![](https://www.nrimalayalee.com/wp-content/uploads/2022/06/Loka-Kerala-Sabha-Online-Adalat.jpg)
സ്വന്തം ലേഖകൻ: പ്രവാസി സുരക്ഷയ്ക്കുള്ള ആവശ്യങ്ങള്‍ ലോക കേരളസഭയില്‍ ഉന്നയിച്ച് പ്രവാസി മലയാളികള്‍. ആശങ്കകള്‍ പരിഹരിക്കാന്‍ വഴിയൊരുക്കുമെന്നായിരുന്നു സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി. പ്രവാസികളുടെ വ്യവസായനിക്ഷേപ പരാതികള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവും ഓണ്‍ലൈന്‍ റവന്യൂ അദാലത്ത് നടത്താന്‍ പ്രവാസിമിത്രം സ്ഥാപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജനും ഉറപ്പുനല്‍കി.
കാലഹരണപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും മാറ്റുമെന്ന് രാജീവ് പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലും ജില്ലാ കളക്ടറേറ്റുകളിലും പ്രത്യേക സെല്‍ രൂപവത്കരിച്ച് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി രാജന്‍ അറിയിച്ചു. വിവിധസേവനങ്ങള്‍ക്ക് പണം അടയ്ക്കാന്‍ ഓപ്ഷണല്‍ ഗേറ്റ് വേ സംവിധാനമൊരുക്കും.
പ്രവാസി മലയാളികളുടെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നോണ്‍ റെസിഡന്റ് കേരള യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തില്‍ പഠിക്കാനുള്ള സാഹചര്യമൊരുക്കണം. നാട്ടിലെ തൊഴില്‍സാധ്യതകള്‍ അറിയാനും വിദ്യാര്‍ഥികള്‍ക്ക് സ്വദേശത്തെ അറിവോ സാധ്യതകളോ പരിചയപ്പെടുത്താനുമുള്ള പ്ലാറ്റ്‌ഫോം വേണമെന്നും ആവശ്യമുയര്‍ന്നു.
മറ്റ് ആവശ്യങ്ങള്‍
ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളില്‍ നോര്‍ക്ക കൂടുതല്‍ ശ്രദ്ധിക്കണം.
ബിസിനസ് കേസുകളില്‍പ്പെട്ടു വിദേശ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം.
പ്രവാസികളുടെ രക്ഷിതാക്കള്‍ക്ക് സംരക്ഷണം.
യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ‘സോഫ്റ്റ് സ്‌കില്‍’ വികസിപ്പിക്കാനായി അക്കാദമിക് പരിഷ്‌കാരം.
വിസ തട്ടിപ്പുകളും വ്യാജ റിക്രൂട്ട്‌മെന്റുകളും കൈകാര്യംചെയ്യാന്‍ അന്താരാഷ്ട്ര ട്രിബ്യൂണല്‍.
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പഠിക്കാനും ജോലിക്കുമെത്തുന്നവര്‍ക്ക് താമസിക്കാനും കുറഞ്ഞനിരക്കില്‍ താമസസൗകര്യം.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതര സംസ്ഥാന പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തണം.
യൂസഫലിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം -വി.ഡി. സതീശന്‍
തിരുവനന്തപുരം: വ്യവസായി എം.എ. യൂസഫലി ലോക കേരളസഭയില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയകാരണങ്ങളാലാണ് പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫ്. തീരുമാനിച്ചത്. ഇക്കാര്യം യൂസഫലിയെ അറിയിച്ചതുമാണ്.
കെ.പി.സി.സി. ഓഫീസും കോണ്‍ഗ്രസ് ഓഫീസുകളും തകര്‍ക്കുകയും കന്റോണ്‍മെന്റ് ഹൗസില്‍ അക്രമികളെ വിടുകയും പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസം യൂസഫലിയോട് പ്രകടിപ്പിച്ചിരുന്നു. പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതോ താമസം നല്‍കുന്നതോ ധൂര്‍ത്തായി ഒരു പ്രതിപക്ഷനേതാവും പറഞ്ഞിട്ടില്ല-സതീശന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല