സ്വന്തം ലേഖകന്‍: ലോക്‌സഭ ബഹളമയം, മലയാളി എംപിമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് സസ്‌പെന്‍ഷന്‍. പ്ലക്കാര്‍ഡുയര്‍ത്തി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനണ് 25 കോണ്‍ഗ്രസ് എം.പിമാരെ അഞ്ചുദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായവരില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍, കെ.സി. വേണുഗോപാല്‍ എന്നിവരും ഉള്‍പ്പെടും.
സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ജനാധിപത്യത്തിലെ കറുത്തദിനമാണെന്ന് സോണിയാഗാന്ധി പറഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ചു ദിവസത്തേക്ക് സഭ ബഹിഷ്‌കരിക്കും.
പ്രകോപനം അതിരുകടന്നപ്പോഴാണ് 25 അംഗങ്ങളെ സസ്പന്‍ഡ് ചെയ്തതെന്ന് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. സഭയിലെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്. അച്ചടക്കലംഘനം അതിര് കടന്നപ്പോഴാണ് താന്‍ കടുത്ത നിലപാടെടുത്തതെന്നും നടപടി എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.
25 എം.പിമാരെ സസ്പന്‍ഡ് െചയ്ത ലോക്‌സഭ സ്പീക്കരുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് സി.പി.എം പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം രൂക്ഷമാക്കാന്‍ മാത്രമെ നടപടി ഉപകരിക്കൂവെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല