ലോകകായികമാമാങ്കത്തിന് വെള്ളിയാഴ്ച തിരിതെളിയും. 120 രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളെ സാക്ഷിനിര്‍ത്തി എലിസബത്ത് രാജ്ഞിയാണ് മഹാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുക.
യു കെ സമയം രാത്രി ഒന്‍പതു മണി (ഇന്ത്യന്‍ സമയം രാത്രി ഒന്നര) മുതലാണ് 30ാം ഒളിംപിക്‌സ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയല്‍ ഒരുക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ഏന്തൊക്കെ ഇനങ്ങളുണ്ടെന്നത് ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഉദ്ഘാടനച്ചടങ്ങിന് ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയും സക്ഷ്യം വഹിക്കും. പ്രത്യേക ക്ഷണിതാക്കളായാണ് ഇരുവരും എത്തുന്നത്.
കൂടുതല്‍ വേഗവും കൂടുതല്‍ ഉയരവും കൂടുതല്‍ ദൂരവും തേടി 204 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ താരങ്ങള്‍ ലണ്ടനില്‍ മാറ്റുരയ്ക്കും. ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഗുസ്തി താരം സുശീല്‍കുമാറാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
13 വിഭാഗങ്ങളിലായി 81 പേരാണ് ഇന്ത്യക്കുവേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. വി ദിജു (ബാഡ്മിന്റണ്‍), പി ആര്‍ ശ്രീജേഷ് (ഹോക്കി ഗോള്‍കീപ്പര്‍), കെ ടി ഇര്‍ഫാന്‍ (നടത്തം), ടിന്റു ലൂക്ക (800 മീറ്റര്‍ ഓട്ടം), മയൂഖ ജോണി (ട്രിപ്പിള്‍ ജംപ്), രഞ്ജിത് മഹേശ്വരി (പോള്‍വാള്‍ട്ട്) എന്നിവരാണു മലയാളിതാരങ്ങള്‍.
ബോക്‌സിങില്‍ മേരികോം, ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്‌വാള്‍, അമ്പെയ്ത്തില്‍ ദീപിക കുമാരി, ഷൂട്ടിങില്‍ അഭിനവ് ബിന്ദ്ര, ടെന്നിസില്‍ ലിയാന്‍ഡര്‍ പേസ് (ടെന്നിസ്), ഗുസ്തിയില്‍ സുശീല്‍കുമാര്‍ എന്നിവരിലൂടെ മെഡല്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഹോക്കിയിലും മെഡല്‍ സ്വപ്‌നങ്ങള്‍ സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല