ക്രിക്കറ്റിലും ഫുട്ബോളിലുമൊക്കെയാണ് ഒത്തുകളിയെക്കുറിച്ച് കേട്ടിട്ടുള്ളത്. തോറ്റുകൊടുക്കാനും ക്യാച്ച് വിട്ടുകളയാനും പ്രതിരോധം ദുര്ബലമാക്കാനുമൊക്കെ ഒത്തുകളിച്ചുവെന്നാണ് സാധാരണ ഉയരുന്ന ആരോപണം. എന്നാല്‍ ഒളിമ്പിക്സില്‍ ഇത്തരമൊരു വിവാദം കൊഴുക്കുകയാണ്. യൂറോപ്പിന്റെ അഭിമാനമാകുമെന്ന് കരുതപ്പെടുന്ന ലണ്ടന്‍ ഒളിമ്പിക്സുമായി ബന്ധപ്പെട്ടാണ് വിവാദം കൊഴുക്കുന്നത്.
അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന അസര്ബൈജാന് ടീമിന് രണ്ട് ഗോള്‍ഡ് മെഡലുകള്‍ ഉറപ്പാക്കി ബോക്സിങ്ങ് ഫെഡറേഷന് കൈക്കൂലി വാങ്ങിയെന്നാണ് ഉയരുന്ന ആരോപണം. ഏതാണ്ട് ആറ് മില്യണ്‍ പൗണ്ടിന്റെ കൈക്കൂലി ആരോപണമാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.
ബിബിസി2 ന്റെ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ബിബിസിയുടെ ന്യൂസ്നൈറ്റ് പരിപാടിക്കിടെ ബോക്സിങ് സംഘടനയ്ക്കുള്ളില്ത്തന്നെയുള്ള അജ്ഞാതരായ വ്യക്തികളാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഒക്ടോബറില്‍ അസര്ബൈജാന് തലസ്ഥാനമായ ബാക്കുവില്‍ അരങ്ങേറുന്ന ലോക സീരീസ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ (ഡബ്ല്യുഎസ്ബി) നടത്തിപ്പിന് സാമ്പത്തികസഹായം ചെയ്തതിനുള്ള പ്രത്യുപകാരമായി ഒളിമ്പിക് മെഡലുകള്‍ ഉറപ്പുനല്‍കിയെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് അന്താരാഷ്ട്ര ബോക്സിങ്ങ് സംഘടനയും ഒളിമ്പിക്സ് അസോസിയേഷനും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആരോപണം താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്ന് ബോക്സിങ്ങ് സംഘടനയുടെ പ്രസിഡന്റ് ഡോ. ചിങ്ങ് കു വു പറഞ്ഞു. ബിബിസി പുറത്തുവിട്ട രേഖകള്‍ പ്രകാരം ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഒളിമ്പിക്സ് സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല