സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ ഞെട്ടി വിറച്ച് ലണ്ടന്‍ നഗരം, മരണം ഏഴായി, 48 പേര്‍ക്ക് പരുക്ക്, 12 പേര്‍ അറസ്റ്റില്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാറ്റമില്ലെന്ന് തെരേസാ മേയ്. ലണ്ടന്‍ നഗരത്തിലെ പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജില്‍ വഴിയാത്രക്കാരെ വാന്‍ ഇടിപ്പിച്ചും കത്തി കൊണ്ട് കുത്തിവീഴ്ത്തിയും മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ ഏഴു പേരാണു മരിച്ചത്. 48 പേര്‍ക്കു പരുക്കേറ്റു.
പ്രാദേശിക സമയം രാത്രി പത്തിനായിരുന്നു ആക്രമണം. വാഹനം അതിവേഗത്തില്‍ വഴിയാത്രക്കാര്‍ക്കു നേരേ ഇടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് കത്തി വീശി തൊട്ടടുത്ത് ബറോ മാര്‍ക്കറ്റിനു സമീപത്തുള്ള ബാറുകളിലും റസ്‌റ്റോറന്റുകളിലും ഓടിക്കയറിയ ആക്രമി കണ്‍മുന്നില്‍ കിട്ടിയവരെയെല്ലാം ആക്രമിച്ചു. ‘ഇത് അള്ളാഹുവിനു വേണ്ടി’ എന്ന് അലറിക്കൊണ്ടായിരുന്നു ആക്രമണമെന്ന് കണ്ടുനിന്നവര്‍ പിന്നീടു പോലീസിനോടു പറഞ്ഞു. സംഭവത്തില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസ് മൂന്ന് എട്ടു മിനിറ്റുകൊണ്ട് മൂന്ന് ആക്രമികളെ വെടിവച്ചു വീഴ്ത്തി. അക്രമികള്‍ ശരീരത്തില്‍ ബോംബെന്നു തോന്നിപ്പിക്കുന്ന വസ്തുക്കള്‍ കെട്ടിവച്ചിരുന്നു. ഇവ സ്‌ഫോടകവസ്തുക്കളല്ലെന്നു വ്യക്തമായെന്ന് യു.കെ. പോലീസിന്റെ ഭീകരവിരുദ്ധ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ മാര്‍ക് റൗളി അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ഞെട്ടിക്കുന്ന സംഭവങ്ങളാണു നടന്നതെന്നും അതില്‍ ഇരയായവരെയോര്‍ത്തു ദുഃഖിക്കുന്നു എന്നും അടിയന്തര ഉന്നതതല യോഗത്തിനു ശേഷം പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിന് ഇന്റര്‍നെറ്റില്‍ സുരക്ഷിത ഇടം ലഭിക്കുന്നത് ഇല്ലാതാക്കണം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കുമെന്നും തെരേസ മേ പറഞ്ഞു.പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൗണിങ് സ്ട്രീറ്റില്‍ പതാക പാതി താഴ്ത്തിക്കെട്ടി.
ഇന്ത്യക്കാര്‍ക്ക് അപകടമില്ലെന്നാണു പ്രാഥമിക നിഗമനം. ആക്രമണത്തെ അപലപിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. എട്ടിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിക്കെയാണ് ഭീകരര്‍ വീണ്ടും ബ്രിട്ടനെ ലക്ഷ്യമിട്ടത്. മേയ് 22 ന് മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ ഭീകരന്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല